അദ്ധ്യാപികയുടെ വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്

ചെന്നൈ : ഉന്നതര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ചതിന് അറസ്റ്റിലായ അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മ്മലാദേവിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വിദ്യാര്‍ത്ഥിനികളെ ലൈംഗിക വ്യാപാരത്തിന് പ്രേരിപ്പിക്കുന്ന നിര്‍മ്മലാദേവിയുടെ വാട്‌സ് ആപ്പ് ചാറ്റ് അന്വേഷണസംഘത്തിന് ലഭിച്ചു.

ദേവാംഗ കോളജിലെ 6 വിദ്യാര്‍ത്ഥിനികളെ ചേര്‍ത്ത് അസിസ്റ്റന്റ് പ്രൊഫസറായ നിര്‍മ്മലാദേവി വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നു. ഇതില്‍ നിരന്തരം സന്ദേശങ്ങള്‍ അയച്ചാണ് അവര്‍ പെണ്‍കുട്ടികളെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചുകൊണ്ടിരുന്നത്.

കാര്യം നേരിട്ട് പറയുന്നതിന് പകരം അര്‍ത്ഥങ്ങള്‍ ഒളിപ്പിച്ചാണ് ഇവര്‍ സന്ദേശങ്ങള്‍ അയച്ചിരുന്നത്. പെണ്‍കുട്ടികളോട് തങ്ങളുടെ ഏറ്റവും ഭംഗിയുളള ഫോട്ടോകള്‍ ഡിപിയാക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ശരീര വളര്‍ച്ചയ്ക്ക് എല്ലാവരും ദിവസവും മുട്ടകഴിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

തനിക്കും രണ്ട് പെണ്‍മക്കളാണെന്നും അവര്‍ക്ക് വേണ്ടത് എന്തൊക്കെയാണെന്ന് തനിക്കറിയാമെന്നും ഇവര്‍ പറഞ്ഞിരുന്നു. ആഗ്രഹങ്ങള്‍ സാധിക്കാന്‍ കഴിവ് മാത്രം പോരെന്നും തലയും ശരീരവും ഉപയോഗപ്പെടുത്തണമെന്നും ഇവര്‍ സന്ദേശമയച്ചു.

ഇതിന് തയ്യാറാണെങ്കില്‍ തനിക്ക് ഗുഡ്‌മോണിങ് , ഗുഡ് ഈവനിങ് സന്ദേശങ്ങള്‍ ഇംഗ്ലീഷിലെ ക്യാപിറ്റല്‍ അക്ഷരങ്ങളില്‍ അയയ്ക്കണമെന്നും ഇവര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മേലാല്‍ ഇത്തരം സന്ദേശങ്ങള്‍ അയയ്ക്കരുതെന്ന് വിദ്യാര്‍ത്ഥിനികള്‍ അദ്ധ്യാപികയെ കര്‍ശനമായി വിലക്കുകയാണുണ്ടായത്.

എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ നിര്‍മലാദേവി ബ്രെയിന്‍വാഷിങ് തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ സമാന രീതിയില്‍ ഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തായതോടെ അദ്ധ്യാപിക പൊലീസ് പിടിയിലായി.

LEAVE A REPLY

Please enter your comment!
Please enter your name here