ട്രെയിനില്‍ അപമാനിച്ചെന്ന് നിഷ ജോസ്

കോട്ടയം : സംസ്ഥാനത്തെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയില്‍ തന്നെ അപമാനിച്ചിട്ടുണ്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസ്. അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന, ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരത്തിലാണ് നിഷയുടെ പരാമര്‍ശം.

എന്നാല്‍ അപമാനിച്ച വ്യക്തിയുടെ പേരും ഏത് രാഷ്ട്രീയക്കാരന്റെ മകനാണ് എന്നതും പുസ്തകത്തില്‍ പങ്കുവെയ്ക്കുന്നില്ല. സംഭവത്തെക്കുറിച്ച് നിഷ പറയുന്നതിങ്ങനെ. താന്‍ തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് യാത്ര തിരിക്കാന്‍ നില്‍ക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ രാത്രി വൈകിയായിരുന്നു ട്രെയിന്‍.

താന്‍ തനിച്ചായിരുന്നു. അപ്പോള്‍ മെലിഞ്ഞ ശരീര പ്രകൃതിയുള്ളയാള്‍ തന്റെയടുത്തെത്തി. അച്ഛന്റെ പേര് പറഞ്ഞാണ് പരിചയപ്പെട്ടത്. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ എത്തിയതാണെന്ന് പറഞ്ഞു.

ട്രെയിനില്‍ കയറിയപ്പോള്‍ അടുത്തുവന്നിരുന്ന് സംസാരം ആരംഭിച്ചു. എന്നാല്‍ ഇത് ശല്യമായപ്പോള്‍ ടിടിആറിനോട് പരാതിപ്പെട്ടു. എന്നാല്‍ മകന്‍ അയാളുടെ അച്ഛനെ പോലെയാണെങ്കില്‍ ഇടപെടാന്‍ ഭയമാണെന്നായിരുന്നു ടിടിആറിന്റെ മറുപടി.

നിങ്ങള്‍ ഒരേ മുന്നണിയില്‍ ഉള്‍പ്പെട്ടവരായതിനാല്‍ ഇത് ഒടുവില്‍ എന്റെ തലയില്‍ വീഴുമെന്നുമായിരുന്നു മറുപടി. തിരികെ സീറ്റിലെത്തിയപ്പോഴും യുവാവ് ശല്യം തുടര്‍ന്നു. മൂന്നോ നാലോ തവണ അനാവശ്യമായി കാല്‍പാദത്തില്‍ സ്പര്‍ശിച്ചു.

ഇതോടെ അടുത്തുനിന്ന് മാറാന്‍ അയാളോട് കയര്‍ത്ത് പറയേണ്ടി വന്നുവെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. വീട്ടില്‍ എത്തിയശേഷം ഭര്‍ത്താവ് ജോസ് കെ മാണിയെ വിവരം അറിയിച്ചെന്നും പുസ്തകത്തില്‍ പറയുന്നു. കോട്ടയത്തെ ഒരു യുവ കോണ്‍ഗ്രസ് നേതാവിനെതിരെയും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

ഹീറോ എന്ന് പരിഹാസ രൂപത്തിലാണ് ഇദ്ദേഹത്തെ പരാമര്‍ശിക്കുന്നത്. തന്നെക്കുറിച്ച് അപഖ്യാതി പറഞ്ഞുപരത്തിയത് ഹീറോ ആണെന്ന് പുസ്തകത്തില്‍ വിശദീകരിക്കുന്നു. ബാര്‍ കോഴ വിവാദം, സോളാര്‍ കേസ്, സരിത എസ് നായര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ എന്നിവ കുടുംബത്തിലുണ്ടാക്കിയ വിഷമങ്ങളെപ്പറ്റിയും വിശദമാക്കുന്നുണ്ട്.

അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി പുസ്തകം പ്രകാശനം ചെയ്തു. കെഎം മാണിയുടെ ഭാര്യ കുട്ടിയമ്മയും നിഷയുടെ മാതാവ് റോസി ജോണും ചേര്‍ന്ന് ഏറ്റുവാങ്ങി. കെഎം മാണിയും ജോസ്‌കെ മാണിയും സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here