നിവേഷ് ഇനി പലരിലൂടെ ജീവിക്കും

ലഖ്‌നൗ :ഈ 25 വയസ്സുകാരന്റെ ശരീര ഭാഗങ്ങള്‍ ഇനി നിരവധി കുടുംബങ്ങള്‍ക്ക് സാന്ത്വനമേകും. ഉത്തര്‍പ്രദേശിലെ റായ്ബറേലി സ്വദേശിയായ നിവേഷ് കുമാര്‍ എന്ന 25 വയസ്സുകാരന്റെ ശരീര അവയവങ്ങളാണ് ആശയറ്റ കുറച്ച് ജീവിതങ്ങളില്‍ ഇനി പ്രകാശം നിറയ്ക്കുക.റായ്ബറേലിയിലെ ഒരു സാധാരണ ബസ് കണ്ടക്ടറുടെ മകനാണ് നിവേഷ് കുമാര്‍. അടുത്തിടെയാണ് നിവേഷും സുഹൃത്തും നഗരത്തില്‍ ഒരു ഫാസ്റ്റ് ഫുഡ് കട ആരംഭിച്ചത്. ജനുവരി രണ്ടാം തീയ്യതി കട അടച്ച് സുഹൃത്തിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകും വഴിയാണ് നിവേഷ് അപകടത്തില്‍പ്പെടുന്നത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിവേഷിനെ ജനുവരി 3ാം തീയ്യതി ലഖ്‌നൗവിലെ കെജിഎംയു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജനുവരി ആറാം തീയതി യുവാവിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. വളരെ ചെറുപ്പം ആയത് കൊണ്ട് തന്നെ യുവാവിനെ മരണത്തിന് വിട്ട് കൊടുക്കാന്‍ വീട്ടുകാര്‍ തയ്യാറായിരുന്നില്ല. ആതുകൊണ്ട് തന്നെ വെന്റിലേറ്ററിന്റെ സഹായത്തോടെ യുവാവിന്റെ ഹൃദയമിടിപ്പ് നടന്നുകൊണ്ടേയിരുന്നു.എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെ യുവാവിന്റെ ശരീര ഭാഗങ്ങള്‍ ദാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ വിളിച്ചറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി തന്നെ ഡല്‍ഹി എംയിസില്‍ നിന്നടക്കം വിദഗ്ദ ഡോക്ടര്‍മാര്‍ എത്തുകയും ശരീര ഭാഗങ്ങള്‍ നീക്കം ചെയ്യുവാനുള്ള ശസ്ത്രക്രിയകള്‍ ആരംഭിക്കുകയുമായിരുന്നു.യുവാവിന്റെ രണ്ട് വൃക്കകളും സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് ദാനം ചെയ്തു. കണ്ണുകള്‍ കെജിഎംയു നേത്ര ബാങ്കില്‍ സംരക്ഷിക്കും. കരള്‍ ഡല്‍ഹി എംയിസിന് കൈമാറി. ഞായറാഴ്ച ഉച്ചയോട് കൂടിയാണ് അവയവ ദാന പ്രക്രിയ പൂര്‍ത്തിയായത്. വളരെ അപൂര്‍വമായാണ് ഇത്തരത്തിലുള്ള സമ്പൂര്‍ണ്ണ അവയവ ദാന ശസ്ത്രക്രിയകള്‍ ലോകത്ത് നടക്കാറുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here