നാല് വയസുകാരിക്ക് ദാരുണാന്ത്യം

ഭോപ്പാല്‍: ആംബുലന്‍സില്‍ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ നാല് വയസ്സുകാരിയുടെ ജീവന്‍ നഷ്ടമായി.
മധ്യപ്രദേശിലെ രത്‌ലമില്‍ നന്ദ്‌ലേത്താ ഗ്രാമത്തിലാണ് സംഭവം.

കടുത്ത പനിയെത്തുടര്‍ന്നാണ് നാല് വയസ്സുകാരി ജീജയെ മാതാപിതാക്കളായ ഘനശ്യാമും ദീനാഭായിയും സൈലാനിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.

കുട്ടിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് ട്രിപ് നല്‍കിയശേഷം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ പിതാവായ ഘനശ്യാം ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.

ഒടുവില്‍ കുട്ടിയെ സുഹൃത്തിന്റെ ബൈക്കില്‍ 30 കിലോമീറ്റര്‍ അകലെയുളള രത്‌ലാമിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സുഹൃത്താണ് ബൈക്ക് ഓടിച്ചത്. ഘനശ്യാമിന്റെ മടിയിലായിരുന്നു മകള്‍.

ട്രിപ്പും കൈയ്യില്‍ പിടിച്ച് ഏറ്റവും പുറകിലായി അമ്മ ദീനാഭായിയും ഇരുന്നു. പക്ഷേ ആശുപത്രിയിലെത്തും മുന്‍പേ കുട്ടി മരിച്ചു. സംഭവം വിവാദമായതോടെ രത്‌ലാം കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

അതേസമയം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ആംബുലന്‍സ് മാത്രമാണ് ഉണ്ടായിരുന്നതെന്നും അത് തകരാറിലായതാണ് വിട്ടുനല്‍കാതിരുന്നതെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here