നിപ്പാ ; ഭയപ്പെടേണ്ട സാഹചര്യമില്ല

കോഴിക്കോട്: നിപ്പാ വൈറസിന്റെ രണ്ടാം ഘട്ടം പൂര്‍ണമായും നിയന്ത്രണവിധേയമായെന്നും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. ഇതുവരെ 18 കേസുകളില്‍ രോഗബാധ സ്ഥിരീകരിച്ചതില്‍ 16 പേരാണ് മരിച്ചത്. കൂടുതല്‍ കേസുകള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ഭയപ്പേണ്ട ഒരു സാഹചര്യവുമില്ല.

രണ്ടാംഘട്ടത്തിലും വളരെ ചുരുങ്ങിയ കേസുകള്‍ മാത്രമേ വന്നിട്ടുള്ളൂ. കണ്ണൂരിലും വയനാട്ടിലുമുണ്ടായ ഓരോ മരണം നിപ്പ മൂലമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധ പൂര്‍ണമായും നിയന്ത്രിക്കപ്പെട്ടു എന്ന് ഉറപ്പാകും വരെ തിരുവനന്തപുരത്ത് നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കോഴിക്കോട് തുടരണമെന്ന് യോഗം തീരുമാനിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി എന്നിവിടങ്ങളിലെ വിദഗ്ധരും കോഴിക്കോട്ട് തുടരും.

രണ്ടായിരത്തോളം പേരാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധിച്ചവരുമായി അടുത്ത് ഇടപഴകിയെന്ന് സംശയമുള്ളവരെയാണ് നിരീക്ഷിക്കുന്നത്. നിരീക്ഷണത്തിലുള്ളവരില്‍ ആവശ്യമുള്ളവര്‍ക്ക് അരി ഉള്‍പ്പെടെ ഭക്ഷ്യസാധനങ്ങളുടെ കിറ്റ് സൗജന്യമായി വീടുകളില്‍ എത്തിക്കാന്‍ കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ഉന്നതതലയോഗത്തിനിടയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോഴിക്കോട്, മലപ്പുറാ കളക്ടര്‍മാരുമായി സംസാരിച്ചു. നിരീക്ഷണത്തിലുള്ളവരുമായി ദിവസവും ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങളും രോഗപ്രതിരോധപ്രവര്‍ത്തനത്തിന്റെ വിവരങ്ങളും ഐ ടി സംവിധാനം ഉപയോഗിച്ച് ക്രോഡീകരിക്കാനാവശ്യമായ പിന്തുണ കോഴിക്കോട് കലക്ടര്‍ക്ക് ഐടി വകുപ്പ് ലഭ്യമാക്കും.

രോഗം ബാധിച്ചവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളവര്‍ക്കൊഴികെ യാത്ര ചെയ്യുന്നതിനോ ജോലിക്കുപോകുന്നതിനോ ഭയപ്പെടേണ്ട സാഹചര്യം കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇല്ലെന്ന് യോഗം വിലയിരുത്തി. രോഗമുള്ളവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് മാത്രമേ രോഗബാധയ്ക്ക് സാധ്യതയുള്ളൂവെന്നും വിലയിരുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here