ആരോഗ്യ വകുപ്പിന് അഭിമാന നേട്ടം

കോഴിക്കോട് :നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച് കേരളത്തിലെ ആരോഗ്യ വകുപ്പ്. മെയ് ആദ്യവാരമെങ്കിലും ആരംഭിച്ചു കാണാന്‍ സാധ്യതയുള്ള നിപ്പാ ബാധ ശ്രദ്ധയില്‍പ്പെടുന്നതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും മെയ് 18 നാണ്. ഇതുവരെ വന്ന എല്ലാ രോഗബാധയും അതിനു മുമ്പാണുണ്ടായിരിക്കുന്നത്. അതായത് കേരളം പ്രതിരോധപ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു രോഗപകര്‍ച്ചയും ഉണ്ടായിട്ടില്ല. ഇത് തീര്‍ച്ചയായും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിമാനകരമായ നേട്ടമാണെന്ന് ഉന്നതതല യോഗം വിലയിരുത്തി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രണ്ട് പേരില്‍ ഇപ്പോള്‍ ആശാവഹമായ പുരോഗതിയുണ്ട്. മലേഷ്യയില്‍ നിന്നെത്തിയ റിബാ വൈറിനാണ് ഇവര്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ ആസ്‌ട്രേലിയയില്‍ നിന്നെത്തിച്ച മരുന്നുകള്‍ തല്‍ക്കാലം പ്രയോഗിക്കേണ്ട എന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്. ഇക്കഴിഞ്ഞ ദിവസം സംശയം തോന്നി പരിശോധനയ്ക്ക് അയച്ച 18 പേരുടേയും സാമ്പിളുകളില്‍ നിപ്പാ വൈറസ് കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഒരു രോഗിയിലും നിപ്പാ ബാധ സ്ഥിരീകരിക്കപ്പെടാത്തത് വൈറസ് നിയന്ത്രണ വിധേയമായതിന്റെ സൂചനയാണ്.

നിപ്പാ ബാധിതര്‍ക്കുള്ള സൗജന്യ റേഷന്‍ കിറ്റുകള്‍ ചൊവാഴ്ച വൈകുന്നേരത്തോടെ വീടുകളില്‍ എത്തിച്ചു നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നിപ്പാ രോഗ ബാധയുടെ രണ്ടാം ഘട്ടം തുടങ്ങേണ്ടിയിരുന്നത് മെയ് 20 നാണ് . അത് മൂര്‍ധന്യത്തില്‍ എത്തേണ്ടത് മെയ് 26 മുതല്‍ മെയ് 30 വരെ. അതിതുവരെ സംഭവിക്കാത്തത് കൊണ്ട് ഏറ്റവും അപകടകരമാകാമായിരുന്ന ഘട്ടം കഴിഞ്ഞു എന്ന് അനുമാനിക്കാം.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ജൂണ്‍ 6 ആകുമ്പോള്‍ രണ്ടാം ഘട്ടം കഴിഞ്ഞതായി കണക്കാം. ഇനി ഒരു പുതിയ കേസും വന്നില്ലെങ്കില്‍ ജൂണ്‍ 19 ആകുമ്പോള്‍ പുതിയ കേസുകള്‍ വരാനുള്ള സാധ്യത അവസാനിക്കും. എങ്കിലും ജൂലൈ 15 വരെ സര്‍വെയ്‌ലന്‍സ് തുടരേണ്ടിവരേണ്ടതായും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here