ഓറഞ്ച് പാസ്‌പോര്‍ട്ട് പുറത്തിറക്കില്ല

ന്യൂഡല്‍ഹി : ഇമിഗ്രേഷന്‍ ആവശ്യമുള്ളവരുടെ പാസ്‌പോര്‍ട്ട് ഓറഞ്ച് നിറത്തിലാക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. നിലവിലെ രീതി തുടരുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

പാസ്‌പോര്‍ട്ടിന്റെ അവസാന പേജ് അച്ചടിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇമിഗ്രേഷന്‍ നടപടികള്‍ ആവശ്യമുള്ളവയുടെ നിറം ഓറഞ്ച് ആക്കാനും മറ്റുള്ളവ നീല നിറത്തിലാക്കാനുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

കൂടാതെ ഇനിമുതല്‍ അവസാന പേജ് അച്ചടിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ മനംമാറ്റം.

പൗരന്‍മാര്‍ക്ക് തൊഴിലിന്റെ അടിസ്ഥാനത്തില്‍ രണ്ട് നിറത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കുന്നത് വിവേചനപൂര്‍ണമായ നടപടിയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. സാധാരണക്കാരായ പ്രവാസികളെ രണ്ടാംകിട പൗരന്‍മാരായി ചിത്രീകരിക്കാന്‍ ഇടയാക്കുന്നതായിരുന്നു കേന്ദ്ര തീരുമാനം.

പത്താംതരം തോറ്റവരെയും സാധാരണക്കാരായ തൊഴിലാളികളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ളതുമായിരുന്നു നീക്കം. പാസ്‌പോര്‍ട്ട് ഉടമയുടെ വ്യക്തിത്വത്തെയും ആത്മാഭിമാനത്തെയും വ്രണപ്പെടുത്തുന്ന നടപടിയായതിനാല്‍ രാജ്യ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

ഈ സാഹചര്യത്തിലാണ് പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്‍വാങ്ങിയത്. അവസാന പേജില്‍ വ്യക്തിയുടെ മേല്‍വിലാസവും മാതാപിതാക്കളുടെയും ഭാര്യയുടെയും പേരും ഇനിയുണ്ടാകില്ലെന്നും നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ഇതോടെ വിലാസം തെളിയിക്കാനുള്ള ആധികാരിക രേഖയായി പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന ആശങ്ക ഉയര്‍ന്നു. എന്നാല്‍ ഈ നീക്കവും കേന്ദ്രം ഉപേക്ഷിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here