ജയിലില്‍ നിന്ന് വിദ്വേഷ വീഡിയോ

ജോധ്പൂര്‍ : മുസ്ലിം യുവാവിനെ വെട്ടിവീഴ്ത്തിയ ശേഷം ജീവനോടെ കത്തിച്ച് കൊന്നയാള്‍ ജയിലില്‍ നിന്നും വിദ്വേഷ വീഡിയോ പുറത്തുവിട്ടു. ശംഭുലാല്‍ റെഗാറാണ് തടവില്‍ വെച്ച് വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടിരിക്കുന്നത്. അഫ്രാസുല്‍ ഖാനെന്ന തൊഴിലാളിയെയാണ് ഇയാള്‍ വെട്ടിയശേഷം കത്തിച്ച് കൊലപ്പെടുത്തിയത്.

ഇതിന്റെ ദൃശ്യങ്ങള്‍ ബന്ധുവിനെക്കൊണ്ട് പകര്‍ത്തിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ഇയാള്‍ അറസ്റ്റിലായി ജയിലിലാണ്. ജാക്കറ്റും ഇയര്‍ഫോണും ധരിച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എഴുതിത്തയ്യാറാക്കിയ കുറിപ്പ് ഇയാള്‍ വായിക്കുകയാണ്.

അഫ്രാസുല്‍ ഖാനെ കൊലപ്പെടുത്തിയതില്‍ തനിക്ക് പശ്ചാത്താപമില്ലെന്ന് ഇയാള്‍ വ്യക്തമാക്കുന്നു. സഹതടവുകാരനില്‍ നിന്ന് തന്റെ ജീവന് ഭീഷണി നേരിടുകയാണ്. തന്നെ വധിക്കാന്‍ ജയിലില്‍ കടന്നുകൂടിയ ജിഹാദിയാണയാള്‍ എന്ന് സംശയിക്കുന്നതായും റെഗാര്‍ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 6 നാണ് ക്രൂരമായ നരഹത്യ അരങ്ങേറിയത്. ജോലി നല്‍കാമെന്ന് പറഞ്ഞ് മുഹമ്മദ് അഫ്രാസുലിനെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പുറകില്‍ നിന്ന് മഴുകൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു.

തുടര്‍ന്ന് പെട്രോളൊഴിച്ച് തീക്കൊളുത്തി. അഫ്രാസുല്‍ പിടയുകയും ജീവനുവേണ്ടി നിലവിളിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് ജിഹാദികളുടെ ഗതിയിതായിരിക്കുമെന്ന് ഇയാള്‍ വീഡിയോയിലൂടെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here