വിമാനം ഉപേക്ഷിക്കപ്പെട്ട നിലയില്‍

ബാലി : വാഹനങ്ങളും വസ്തുക്കളുമൊക്കെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തി എന്ന് കേട്ടിട്ടുണ്ടാകും. എന്നാല്‍ ഒരു വിമാനം തന്നെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയാലോ. ബാലിയിലാണ് സംഭവം. ബോയിങ് 737 വിമാനമാണ് ഒരൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്.

റായ നൂസ ഡുഅ സെലാട്ടന്‍ ഹൈവേയ്ക്ക് സമീപമാണ് വിമാനമുള്ളത്. ഈ പ്രദേശം പാണ്ഡവ ബീച്ചില്‍ നിന്ന് കേവലം 5 മിനിട്ട് കൊണ്ട് എത്താവുന്ന പ്രദേശമാണ്. ഷിപ്പിങ് കണ്ടെയ്‌നറുകള്‍ക്കും മരങ്ങള്‍ക്കുമെല്ലാം ഇടയിലായി ഒഴിഞ്ഞ സ്ഥലത്താണ് വിമാനം കിടക്കുന്നത്.

എന്നാല്‍ ഈ വ്യോമവാഹനത്തിന് മുകളില്‍ കമ്പനിയുടെ പേരോ മറ്റ് വിശദാംശങ്ങളോ ഒന്നുമില്ല. ആരെങ്കിലും റസ്റ്റോറന്റായി പരിവര്‍ത്തിപ്പിക്കാന്‍ ഇത് ഇവിടെ കൊണ്ടിട്ടതാകാമെന്നതാണ് നിഗമനങ്ങളില്‍ പ്രധാനം.

എന്നാല്‍ പണം തികയാതെ പദ്ധതി ഉപേക്ഷിച്ച് ഉടമസ്ഥന്‍ പോയതാകാമെന്നും പ്രധാന സാധ്യതയായി ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത് എന്ന് മുതലാണ് ഇവിടെ കിടക്കുന്നതെന്ന് ആര്‍ക്കുമറിയില്ല. എങ്ങനെ വിമാനം ഇവിടെ എത്തിച്ചെന്നതും ദുരൂഹമായി തുടരുന്നു.

വിമാനം പഴകിയിരിക്കുന്നതിനാല്‍ ഇവിടെയിത് ഏറെ നാളായെന്ന് വ്യക്തം. വിമാനമുള്ള സ്വകാര്യ ഭൂമിയുടെ ഉടമയെക്കുറിച്ചും ആളുകള്‍ക്ക് അറിയില്ല. എന്നാല്‍ ഒരു ഗാര്‍ഡിനെ ഈ വിമാനത്തിന്റെയും കോമ്പൗണ്ടിന്റെയും മുഴുവന്‍ സമയ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഈ വിമാനം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നുവെന്നതാണ് പ്രത്യേകത. ആര്‍ക്കെങ്കിലും അടുത്തുനിന്ന് വിമാനത്തെ വീക്ഷിക്കണമെങ്കില്‍ പണം കൊടുക്കണം. പക്ഷേ ചുരുങ്ങിയ ആളുകള്‍ക്കേ പ്രവേശനം അനുവദിക്കുന്നുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here