നോയിഡ :സദാചാര പൊലീസിങ്ങിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വീണ്ടും. ഉത്തര്‍പ്രദേശിലെ അതിര്‍ത്തി ജില്ലയായ ഗ്രൈറ്റര്‍ നോയിഡയിലാണ് ഒരു യുവതിക്കും രണ്ട് പുരുഷന്മാര്ക്കും സദാചാര പൊലീസിങ്ങിന്റെ ഭാഗമായി മാരകമായി മര്‍ദ്ദനമേല്‍ക്കുന്ന വീഡിയോ പുറത്ത് വന്നത്.
ജനുവരി 30 നാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ കൂടി വ്യാപകമായി പ്രചരിക്കപ്പെടാന്‍ തുടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് രണ്ട് പേര് അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്.ഈ പുതുവര്‍ഷ ദിനത്തിലാണ് മര്‍ദ്ദനം അരങ്ങേറിയത്. ആളൊഴിഞ്ഞ കൃഷിപ്പാടത്തില്‍ ജനുവരി ഒന്നാം തീയ്യതി സംശയാസ്പദമായ നിലയില്‍ ഒരു യുവതിയേയും രണ്ട് പുരുഷന്മാരേയും കണ്ടതിനെ തുടര്‍ന്നാണ് ഈ രണ്ട് പ്രതികളും ഇവരെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്.
ഇവര്‍ യുവതിയുടെയും പുരുഷന്മാരുടെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി മൊബൈലില്‍ വീഡിയോയും പകര്‍ത്തി. ഒടുവില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതി വലിയ വടി ഉപയോഗിച്ച് ഇവരെ ഭയാനകമാം വിധം മര്‍ദ്ദിക്കുവാന്‍ തുടങ്ങി.
യുവതിയേയും ഇയാള്‍ മാരകമായി മര്‍ദ്ദിച്ചു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് രണ്ട് പ്രതികളേയും അറസ്റ്റ് ചെയ്തു.
അറസ്റ്റിലായതിന് ശേഷം പ്രതി താന്‍ ചെയ്ത തെറ്റിന് പൊലീസിനോട് ക്ഷമാപണം നടത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.