സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ അറസ്റ്റില്‍

നയാഗര്‍: പെണ്‍കുട്ടിയോടൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ സഹവിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.  ഒഡീഷയിലെ നയാഗറിലാണ് സംഭവം. പബിത്ര നായക്, ലിപുന്‍ നായക്, റാബി റാവത്, തപന്‍ ദാസ്, സാമിര്‍ മന്ത്രി എന്നിവരാണ് അറസ്റ്റിലായത്.

ദെറാബിഷ് പൊലീസാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. ഖന്ദപാദ ഗവണ്‍മെന്റ് പോളി ടെക്‌നിക്കിലെ വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. ഇതേ സ്ഥാപനത്തിലെ പബിത്ര നായക്കുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു.

ഫെബ്രുവരി 17 ന് ഈ 20 കാരനോടൊപ്പം പെണ്‍കുട്ടി സിദ്ധാമുളയിലെ ഗോകുലാനന്ദ ടൂറിസം സെന്റര്‍ സന്ദര്‍ശിച്ചു. ഇവിടെവെച്ച് പബിത്ര നായക് പെണ്‍കുട്ടിയോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്ന് ഇയാള്‍ പ്രസ്തുത ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചു.

എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പിതാവ് അവിചാരിതമായി പ്രസ്തുത ദൃശ്യങ്ങള്‍ കാണാനിടയായി. ഇതേതുടര്‍ന്ന് മകളോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും അവള്‍ക്കൊപ്പമെത്തി ദേറാബിഷ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.

20 കാരന്‍, തന്നെ നിര്‍ബന്ധപൂര്‍വം കീഴ്‌പ്പെടുത്തുകയും ലൈംഗികമായി ചൂഷണം ചെയ്ത് വീഡിയോ ചിത്രീകരിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പ്രസ്തുത വീഡിയോ ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുകയാണെന്നും പെണ്‍കുട്ടി ചൂണ്ടിക്കാട്ടുന്നു.

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ ഒളിവില്‍ പോയ പബിത്ര നായക്കിനായി വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന നടത്തുകയും ഇയാളെ വലയിലാക്കുകയുമായിരുന്നു.

പബിത്ര നായക്കിനെതിരെ ബലാത്സംഗക്കുറ്റവും ഐടി ആക്ടിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചതാണ്‌ മറ്റ് 4 പേര്‍ക്കെതിരെയുള്ള കുറ്റം.

LEAVE A REPLY

Please enter your comment!
Please enter your name here