എണ്ണയുത്പാദനം വര്‍ധിപ്പിക്കാന്‍ സൗദിയും റഷ്യയും

റിയാദ് : എണ്ണയുത്പാദനം വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യ-റഷ്യ ധാരണ. ആഗോളവിപണിയില്‍ എണ്ണവില വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇറാനുമായുള്ള ആണവകരാര്‍ അമേരിക്ക അവസാനിപ്പിച്ച് ഉപരോധത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ആഗോള മാര്‍ക്കറ്റില്‍ എണ്ണലഭ്യതയില്‍ ഇടിവുണ്ടായിരുന്നു.

ഇതോടെയാണ് എണ്ണവില ബാരലിന് 80 ഡോളറിലെത്തിയത്. അമേരിക്ക ഇറാനുമേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുക കൂടി ചെയ്താല്‍ ഇറാനില്‍ നിന്നുള്ള എണ്ണകയറ്റുമതിയില്‍ വന്‍ ഇടിവുണ്ടാകുമെന്ന് ഉറപ്പാണ്.

ഈ സാഹചര്യം കൂടി മുന്‍കൂട്ടി കണ്ടാണ് എണ്ണയുത്പാദനം വര്‍ധിപ്പിക്കാന്‍ സൗദിയും റഷ്യയും തമ്മില്‍ ധാരണയായത്. നിലവില്‍ സൗദിയും ഇറാഖും കഴിഞ്ഞാല്‍ എണ്ണയുല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്താണ് ഇറാന്‍.

സൗദി എണ്ണയുത്പാദനം ഗണ്യമായി കുറച്ചിരിക്കുകയായിരുന്നു. എന്നാല്‍ മാറിയ ആഗോള സാഹചര്യത്തില്‍ പുതിയ നിലപാട് സ്വീകരിക്കുകയാണ്. സൗദിയുടെ ഇന്ധനവകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫാലിഹ് റഷ്യന്‍ മന്ത്രി അലക്‌സാണ്ടര്‍ നൊവാകുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച്‌  ധാരണയായത്.

സെന്റ് പീറ്റേര്‍സ് ബര്‍ഗിലായിരുന്നു ഇരുവരുടെയും സ്വകാര്യ കൂടിക്കാഴ്ച. എണ്ണയുത്പാദകരുടെ വേദിയായ ഒപെകിലെ അംഗരാജ്യങ്ങള്‍ എല്ലാം ചേര്‍ന്ന് പ്രതിദിനം പത്തുലക്ഷം ബാരല്‍ എണ്ണ മാര്‍ക്കറ്റില്‍ അധികമായി എത്തിക്കുന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ഇത്തരത്തില്‍ ഇറാനില്‍ നിന്നുണ്ടാകുന്ന എണ്ണദൗര്‍ലഭ്യത്തെ മറികടക്കാമെന്നും സൗദി കണക്കുകൂട്ടുന്നു. അങ്ങനെയെങ്കില്‍ വില പിടിച്ചുനിര്‍ത്താനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.

എണ്ണവില ഉയര്‍ന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും. രാജ്യത്തിനാവശ്യമായ എണ്ണയുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.

എണ്ണവില ബാരലിന് 80 ഡോളറില്‍ എത്തിയപ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ ലിറ്ററിന് 80 രൂപ കടന്നിരിക്കുകയാണ്. ഇത് വിലക്കയറ്റത്തിന് വഴിതുറക്കുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ വിലപിടിച്ചുനിര്‍ത്തുന്ന തരത്തില്‍ സൗദി നിലപാടെടുക്കുന്നത് ഇന്ത്യക്ക് ആശ്വാസമാകും.

LEAVE A REPLY

Please enter your comment!
Please enter your name here