തെരഞ്ഞെടുപ്പിന് മുന്‍പ് എണ്ണവിലയ്ക്ക് തടയിട്ട് കേന്ദ്രം

ന്യൂഡല്‍ഹി : എണ്ണവിലയില്‍ അടവുനയവുമായി മോദി സര്‍ക്കാര്‍. മെയ് 12 ന് കര്‍ണാടക നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍, എണ്ണവില വര്‍ധനവിന് തടയിട്ടിരിക്കുകയാണ് കേന്ദ്രം.

ഏപ്രില്‍ 24 ന് ശേഷം ഇന്ത്യയില്‍ എണ്ണവില വര്‍ധിച്ചിട്ടില്ല. സാധാരണയായി എണ്ണവില ദിനംപ്രതി മാറിമറിയുമായിരുന്നു. എന്നാല്‍ കര്‍ണാടക തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകാതിരിക്കാന്‍ വില പിടിച്ചുനിര്‍ത്തിയിരിക്കുകയാണ് മോദി സര്‍ക്കാര്‍.

തെരഞ്ഞെടുപ്പ് വരെ ഒരു കാരണവശാലും ഇന്ധനവില വര്‍ധന പാടില്ലെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കുള്ള നിര്‍ദ്ദേശം. ആഗോള മാര്‍ക്കറ്റില്‍ എണ്ണവില ബാരലിന് രണ്ട് ഡോളര്‍ ഉയര്‍ന്നിട്ടുപോലും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ തയ്യാറാകാത്തത് ഇക്കാരണത്താലാണ്.

74.63 എന്ന നിരക്കിലാണ് ന്യൂഡല്‍ഹിയില്‍ പെട്രോള്‍ ഇപ്പോള്‍ ലഭ്യമാകുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ഇതിന് 3 രൂപവരെ വര്‍ധനവുണ്ട്. ഡീസനിലന് 65.93 ആണ് വില. മറ്റുസംസ്ഥാനങ്ങളുടെ നിരക്കുകളില്‍ വര്‍ധനവുണ്ട്.

എന്നാല്‍ ഇത് ഏപ്രില്‍ 24 ലെ വിലയാണ്. അതിന് ശേഷം നിരക്കുകളില്‍ മാറ്റമുണ്ടായിട്ടില്ല. എല്ലാദിവസവും എണ്ണവില മാറിമറിയുന്നതിനിടെ പൊടുന്നനെ എന്തുകൊണ്ട് അതിന് തടയിട്ടെന്ന കാര്യത്തില്‍ പ്രതികരിക്കുന്നതില്‍ പൊതുമേഖലാ പെട്രോളിയം കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

എണ്ണവില എല്ലാ ദിവസം മാറുന്ന സംവിധാനം കഴിഞ്ഞ ജൂണിലാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പ്രാവര്‍ത്തികമാക്കിയത്. ഇതോടെ ചില ആഴ്ചകളില്‍ 50-60 പൈസവരെ എണ്ണവില ഉയരുന്ന സാഹചര്യമാണുണ്ടായത്.

ഫലത്തില്‍ മെയ് 12 വരെ വിലവര്‍ധനവുണ്ടാകില്ല. എന്നാല്‍ അതിന് ശേഷം ജനത്തിന് ഇരുട്ടടി നല്‍കിക്കൊണ്ട് ഒരുമിച്ചുള്ള നിരക്ക് വര്‍ധന ഉണ്ടാവുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here