വൃദ്ധയേയും മകനേയും ഗുണ്ടകള്‍ നിഷ്‌കരുണം വെടിവെച്ച് കൊന്നു ;സിസിടിവി ക്യാമറയില്‍ കൊലപാതകം വ്യക്തം

മീററ്റ് :ഭര്‍ത്താവിന്റെ കൊലക്കേസില്‍ സാക്ഷി പറയാനിരുന്ന വൃദ്ധയേയും മകനേയും ഗുണ്ടകള്‍ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റിനടുത്ത് സോര്‍ക്കാ ഗ്രാമത്തിലാണ് പട്ടാപ്പകല്‍ ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. എഴുപത് വയസ്സിന് മുകളില്‍ പ്രായമുള്ള നിചേന്ദര്‍ കൗര്‍,മകന്‍ ബല്‍വീന്ദ്ര എന്നിവരെയാണ് ഗുണ്ടകള്‍ നിഷ്‌കരുണം വെടിവെച്ച് വീഴ്ത്തിയത്.ഭര്‍ത്താവ് നരേന്ദ്രന്റെ കൊലപാതക കേസില്‍ വ്യാഴാഴ്ച സാക്ഷി പറയാനിരിക്കെയായിരുന്നു നിചേന്ദറിന്റെയും മകന്റെയും മരണം. 2016 ല്‍ ബന്ധുക്കളുമായുണ്ടായ ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ടാണ് നരേന്ദ്രന്‍ കൊല്ലപ്പെട്ടത്. ബന്ധുക്കള്‍ക്കെതിരെയാണ് കേസ്. പട്ടാപ്പകല്‍ നിചേന്ദറിന്റെ വീട്ടിലേക്ക് കയറി ചെന്ന മൂന്ന് ഗുണ്ടകള്‍ മുറ്റത്തെ കട്ടിലില്‍ കിടക്കുകയായിരുന്ന മദ്ധ്യവയസ്‌കയ്ക്ക് നേരെ തുരുതുരാ വെടിവെയ്ക്കുകയായിരുന്നു.എട്ടോളം ബുള്ളറ്റുകള്‍ നിചേന്ദറിന്റെ ശരീരത്തില്‍ പതിഞ്ഞിട്ടുണ്ട്. പോയിന്റെ ബ്ലാങ്ക് റെയ്ഞ്ചില്‍ നിന്നായിരുന്നു ആക്രമണം. നിചേന്ദറിന്റെ മുഖത്തും വെടിയേറ്റിട്ടുണ്ട്. സമീപത്തെ സിസിടിവി ക്യാമറയില്‍ ഗുണ്ടകളുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ബല്‍വീന്ദ്രയെ ഗ്രാമത്തിന് പുറത്ത് വെച്ച് ഒരു കാറിനുള്ളില്‍ വെച്ച് പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ബല്‍വീന്ദ്രയെ കൊലപ്പെടുത്തിയതിന് ശേഷമാണ് ഗുണ്ടകള്‍ നിചേന്ദറിന്റെ അടുത്തേക്ക് എത്തിയതെന്ന് കരുതപ്പെടുന്നു. വൃദ്ധയെ കൊലപ്പെടുത്തിയ ഗുണ്ടകളില്‍ രണ്ട് പേരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായുള്ള ഊര്‍ജ്ജിതമായ തിരച്ചിലിലാണ് പൊലീസ് സംഘം.

LEAVE A REPLY

Please enter your comment!
Please enter your name here