പടുവൃദ്ധനായി വേഷം മാറി ഗ്രൗണ്ടിലെത്തിയ ക്രിക്കറ്റ് താരം

മുംബൈ :പടുവൃദ്ധനായി ഗ്രൗണ്ടിലെത്തി കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കാനിറങ്ങിയ വ്യക്തി ആരാണെന്നറിഞ്ഞപ്പോള്‍ പ്രദേശവാസികള്‍ ഒന്നടങ്കം ഞെട്ടി. മുന്‍ ആസ്‌ട്രേലിയന്‍ പേസ് ബോളര്‍ ബ്രെറ്റ്‌ലീയാണ് വേഷം മാറി ഏവരേയും അമ്പരപ്പിച്ച് മുംബൈയിലെ ഒരു ഗ്രൗണ്ടില്‍ കുട്ടികളോടൊത്ത് ക്രിക്കറ്റ് കളിക്കാനിറങ്ങിയത്. നരച്ച മുടിയും താടിയും മുഖത്ത് വെച്ച് പിടിപ്പിച്ച് ഒരു വൃദ്ധ സന്ന്യാസിയുടെ വേഷത്തിലാണ് ഇദ്ദേഹം ഗ്രൗണ്ടിലേക്ക് ഇറങ്ങി ചെന്നത്.

ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹമുണ്ടെന്നും പക്ഷെ നിയമങ്ങള്‍ ഒന്നും അറിയില്ലെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ അദ്ദേഹത്തിന് ബാറ്റ് പിടിക്കുന്നതും ബോള്‍ എറിയുന്നതും പഠിപ്പിച്ച് കൊടുക്കാനുള്ള തിരക്കിലായി. ലോകം അറിയുന്ന മഹാനായ ക്രിക്കറ്റ് കളിക്കാരനാണ് തങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നതെന്ന് അറിയാതെയായിരുന്നു കുട്ടികള്‍ ബ്രെറ്റ് ലീയെ കളി പഠിപ്പിക്കാന്‍ ഒരുങ്ങിയത്. ആദ്യമായി ക്രിക്കറ്റ് കളിക്കുന്ന ഒരു വ്യക്തിയെ പോലെയാണ് അദ്ദേഹം ബാറ്റ് ചെയ്യുമ്പോള്‍ ഗ്രൗണ്ടില്‍ പെരുമാറിയത്.

തുടര്‍ന്ന് ബോള്‍ ചെയ്യുന്നതും വളരെ രസകരമായിരുന്നു. കണിശത നിറഞ്ഞ യോര്‍ക്കറുകളുടെ പേരില്‍ ലോകമെമ്പാടും ആരാധകരുള്ള ബ്രെറ്റ് ലീ വളരെ വികൃതമായ ബോളിംഗ് ആക്ഷനാണ് കുട്ടികള്‍ക്ക് മുന്നില്‍ ആദ്യം പുറത്തെടുത്തത്. തുടര്‍ന്ന് പതിയെ പതിയെ ഗംഭീര ഷോട്ടുകളും അതിമനോഹര ബോളുകളുമായി ബ്രെറ്റ്‌ലീ കളം നിറഞ്ഞു കളിച്ചപ്പോള്‍ കുട്ടികള്‍ക്കും സംശയമായി.

ഒടുവില്‍ ഈ കാര്യം വൃദ്ധനോട് ചോദിച്ചിട്ട് തന്നെ ബാക്കി കാര്യമെന്ന് കുട്ടികളും തീരുമാനിച്ചു. ഇത്ര വേഗം എങ്ങനെ താങ്കള്‍ ക്രിക്കറ്റ് കളിക്കാന്‍ പഠിച്ചുവെന്ന് കുട്ടികള്‍ ബ്രെറ്റ്‌ലീയോട് ചോദിച്ചു. ഇതിന് പിന്നാലെ അദ്ദേഹം തന്റെ കൃത്രിമ താടിയും മുടിയും മുഖത്ത് നിന്നും എടുത്ത് മാറ്റിയപ്പോള്‍ കുട്ടികള്‍ അന്തം വിട്ടു. ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിലൊരാളാണ് ഇത്ര നേരവും തങ്ങളുടെ കൂടെ കളിച്ചതെന്ന് മനസ്സിലായപ്പോള്‍ കുട്ടികള്‍ അന്തം വിട്ടു.

ഐപിഎല്‍ മത്സരങ്ങളുടെ ഭാഗമായാണ് ബ്രെറ്റ് ലീ ഇന്ത്യയിലെത്തിയത്. ഐപിഎല്ലിലെ ഇക്കൊല്ലത്തെ സീസണിലെ മികച്ച കമന്റേര്‍മാരിലൊരാളും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലെ ഡഗ് ഔട്ട് എന്ന പരിപാടിയുടെ അവതാരകനുമാണ് ബ്രെറ്റ് ലീ ഇപ്പോള്‍. 2012 ലാണ് ബ്രെറ്റ് ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here