’77 കാരന്‍ വിവാഹം കഴിച്ച 16 കാരിയെ തിരിച്ചെത്തിക്കാനാകില്ല’

ഹൈദരാബാദ് : 77 കാരനായ ഒമാന്‍ പൗരന്‍ വിവാഹം കഴിച്ച 16 കാരിയെ രാജ്യത്ത് തിരിച്ചെത്തിക്കാനാകില്ലെന്ന ഇന്ത്യന്‍ എംബസി നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പെണ്‍കുട്ടിയെ തിരിച്ചെത്തിക്കാന്‍ സാധ്യമല്ലെന്ന് മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയാണ് വ്യക്തമാക്കിയത്.

ഭര്‍ത്താവിനൊപ്പം സന്തോഷവതിയായി ജീവിക്കുകയാണെന്നും വിവാഹത്തില്‍ വിഷമമില്ലെന്നുമുള്ള പെണ്‍കുട്ടിയുടെ ഒപ്പോടുകൂടിയ കുറിപ്പ് ഒമാന്‍ അധികൃതര്‍ ഇന്ത്യന്‍ എംബസിക്ക് കൈമാറിയെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ഇത് എംബസി ഉദ്യോഗസ്ഥര്‍ വിദേശകാര്യമന്ത്രാലയത്തിന് കൈമാറുകയും ചെയ്തു.

എന്നാല്‍ ഒരു കടലാസ് അറിയിപ്പ് ഉദ്യോഗസ്ഥര്‍ തൊണ്ടതൊടാതെ വിഴുങ്ങുകയാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം അസാധുവാണെന്നിരിക്കെയാണ് ഉദ്യോഗസ്ഥരുടെ ഇത്തരത്തിലുള്ള നിലപാട്.

ഈ വാദം നിയമപരമായി നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ധരും വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മെയിലാണ് 77 കാരനായ ഒമാന്‍ പൗരന്‍ അഹമ്മദ്‌
തെലങ്കാന ജാല്‍പള്ളി സ്വദേശിയായ 16 കാരിയെ വിവാഹം കഴിച്ചത്. തുടര്‍ന്ന് വൈകാതെ പെണ്‍കുട്ടിയെ സ്വന്തം രാജ്യത്ത് എത്തിക്കുകയും ചെയ്തു.

എന്നാല്‍ പിതാവും സഹോദരനും സഹോദരീഭര്‍ത്താവും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപയ്ക്ക് പെണ്‍കുട്ടിയെ ഷെയ്ഖിന് വിറ്റുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ രംഗത്തെത്തി. ഇയാള്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് പെണ്‍കുട്ടി ഫോണിലൂടെ അറിയിച്ചെന്ന് കാണിച്ചാണ് മാതാവ് ഓഗസ്റ്റില്‍ പൊലീസില്‍ പരാതിനല്‍കുന്നത്.

ഇതേ തുടര്‍ന്ന് ആരോപണവിധേയരായ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് വിവാഹം നടന്നതെന്ന് സ്ഥാപിക്കാന്‍ ഇവരുള്‍പ്പെടെയുള്ള വിവാഹ ചിത്രങ്ങള്‍ ഒമാന്‍ പൗരന്‍ പൊലീസിന് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here