എണ്ണവില 100 ഡോളറിലെത്തിക്കാന്‍ സൗദി

ന്യൂഡല്‍ഹി : എണ്ണവില ബാരലിന് 100 ഡോളറാക്കാന്‍ സൗദി ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇതിനായി എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ സൗദി സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് വിവരം. ചുരുങ്ങിയത് ഇന്ധനവില ബാരലിന് 80 ഡോളറിലെങ്കിലും എത്തിക്കാതെ സൗദി പിന്‍തിരിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

നിലവില്‍ എണ്ണവില ബാരലിന് 70 ഡോളറാണ്. പ്രമുഖ വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രമുഖ എണ്ണ ഉത്പാദക രാജ്യമായ റഷ്യയെയും കൂട്ടുപിടിച്ചാണ് സൗദിയുടെ നടപടി.

എണ്ണവില കുത്തനെ വര്‍ധിപ്പിക്കാനുള്ള സൗദി അറേബ്യയുടെ നീക്കം ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. രാജ്യത്തിനാവശ്യമായ എണ്ണയുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. സൗദിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ എണ്ണ എത്തിക്കുന്നതും.

എണ്ണവില ബാരലിന് 70 ഡോളറില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ ലിറ്ററിന് 80 രൂപയോട്  അടുക്കുകയാണ്. എണ്ണയുല്‍പ്പാദക രാജ്യങ്ങള്‍ നിരക്ക് ഉയര്‍ത്തുന്നതോടെ ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയരും. ഇതോടെ രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലയും വന്‍തോതില്‍ വര്‍ധിക്കും.

ചരക്കുകടത്ത് നിരക്കില്‍ വന്‍ വര്‍ധനയുണ്ടാകുന്നതിനെ തുടര്‍ന്നാണിത്.
സര്‍വ്വമേഖലയിലും വിലവര്‍ധന പ്രകടമാകും. സാധാരണക്കാരുടെ ഉപജീവനം ദുസ്സഹമാവുകയും സമ്പദ് വ്യവസ്ഥയില്‍ ഉലച്ചിലിനിടയാക്കുകയും ചെയ്യും.

മറുഭാഗത്ത് അമേരിക്ക ഷെയ്ല്‍ ഓയില്‍ ഖനനത്തില്‍ കുതിച്ചുയരുകയാണ്. താരതമ്യേന വിലകുറവാണ് ഷെയ്ല്‍ ഓയിലിന്. ഇതുമൂലം അന്താരാഷ്ട്ര തലത്തില്‍ അമേരിക്കന്‍ ഓയിലിന് വന്‍ സ്വീകാര്യതയുണ്ട്.

അധികം വൈകാതെ അമേരിക്ക എണ്ണയുല്‍പ്പാദനത്തില്‍ സൗദിയെ കടത്തിവെട്ടിയേക്കുമെന്ന പഠനങ്ങളും പുറത്തുവരുന്നു. എന്നാല്‍ സൗദി പോലുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എണ്ണയാണ് പ്രധാന വരുമാനം.

അതിനാലാണ് വില പരമാവധി ഉയര്‍ത്താന്‍ ഈ രാജ്യങ്ങള്‍ പരിശ്രമിക്കുന്നത്.ഉല്‍പ്പാദനം നിയന്ത്രിച്ച് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണവില വര്‍ധിപ്പിക്കുക്കാനാണ് ഒപെക് രാജ്യങ്ങള്‍ ശ്രമിച്ചത്.

ഈ നില തുടരാനാണ് സാധ്യതയും. എന്നാല്‍ ഒപെക്കില്‍ അംഗമല്ലാത്ത അമേരിക്ക നിര്‍ബാധം ഷെയ്ല്‍ ഓയില്‍ ശുദ്ധീകരണം തുടരുകയും ചെയ്തു. വില കുറവായതിനാല്‍ അമേരിക്കന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് ഇന്ത്യ ആലോചിച്ച് വരികയാണ്.

എന്നാല്‍ ഇതിന്റെ ഗുണമേന്‍മ സംബന്ധിച്ച് ആഗോള തലത്തില്‍ തന്നെ വിദഗ്ധരില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട്. സൗദി എണ്ണവില വര്‍ധിപ്പിക്കുന്നത് മോദി സര്‍ക്കാരിന്റെ പ്രതീക്ഷകളെയും തകിടം മറിക്കും.

2019 ല്‍ രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. ഈ അവസരത്തില്‍ എണ്ണവില വീണ്ടും കുത്തനെ ഉയരുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here