കെവിന്‍ വധത്തില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം :കെവിന്‍ വധത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭാ നടപടികള്‍ കലുഷിതമായി. സംഭവത്തില്‍ പൊലീസിനും സര്‍ക്കാരിനും ഗുരുതര വീഴ്ച്ച പറ്റിയെന്ന് പ്രതിപക്ഷം സഭയില്‍ ആരോപിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കെവിന്‍ വധം സംബന്ധിച്ച അടിയന്തര പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. സര്‍ക്കാര്‍ ഇരകള്‍ക്കും വേട്ടക്കാര്‍ക്കുമൊപ്പം ഒരേ സമയം നീങ്ങുകയാണെന്ന് തിരുവഞ്ചൂര്‍ സഭയില്‍ ആരോപിച്ചു.

നീനുവിനെ അച്ഛന്‍ സ്‌റ്റേഷനില്‍ വെച്ച് തല്ലിയിട്ടു പൊലീസ് നടപടിയെടുത്തില്ല, ക്വട്ടേഷന്‍ സംഘത്തില്‍ രണ്ട് ഡിവൈഎഫ്‌ഐക്കാരുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതികള്‍ ബംഗലൂരു വഴി കണ്ണൂരിലെത്തി കീഴടങ്ങിയതില്‍ ദുരൂഹതയുണ്ട്. കേസില്‍ ഒരു പ്രതികളെയും പൊലീസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. എല്ലാവരും കീഴടങ്ങുകയായിരുന്നുവെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

അതേസമയം കേസില്‍ ആദ്യ ഘട്ടത്തില്‍ പൊലീസിന് വീഴ്ച്ച പറ്റിയതായി സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അറിയിച്ചു. കൊലയാളി കൊലയാളിയാണ്, അവരുടെ രാഷ്ട്രീയം നോക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമായിട്ടായിരുന്നു മുന്‍ മുഖ്യമന്ത്രിയടക്കം സ്‌റ്റേഷനിലെത്തിയത്. എന്നാല്‍ അതിലെ രാഷ്ട്രീയം ജനം മനസ്സിലാക്കിയെന്നതാണ് ചെങ്ങന്നൂര്‍ വിജയം നല്‍കുന്ന സൂചനയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിയില്‍ സംതൃപ്തരാകാത്ത പ്രതിപക്ഷം നടുത്തളത്തിലറങ്ങി മുദ്രാവാക്യം വിളിച്ച് സഭാ നടപടികള്‍ സ്തംഭിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ബഹളങ്ങള്‍ക്കിടയിലും നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

കേരളത്തിലെ പൊലീസിന്റെ മുഖം നഷ്ടപ്പെടുത്തിയതിന് പിന്നിലെ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രിയാണെന്നും ഈ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നിയമസഭയില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.

LEAVE A REPLY

Please enter your comment!
Please enter your name here