150 ഓളം തിമിംഗലങ്ങള്‍ കരക്കടിഞ്ഞു

സിഡ്‌നി :അപ്രതീക്ഷിതമായി 150 ഓളം തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരക്കടിഞ്ഞു. പടിഞ്ഞാറന്‍ ആസ്‌ട്രേലിയയിലെ ഹാമലിന്‍ ഉള്‍ക്കടലില്‍ നിന്നാണ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയ്ക്കടിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.പുലര്‍ച്ചെ മത്സ്യബന്ധനത്തിനായി കടല്‍ക്കരയിലെത്തിയ ഒരു തൊഴിലാളിയാണ് ഈ കാഴ്ച്ച ആദ്യം കണ്ടത്.

ആദ്യം കാണപ്പെടുമ്പോള്‍ കൂട്ടത്തില്‍ 65 എണ്ണത്തിന് ജീവനുണ്ടായിരുന്നു. എന്നാല്‍ തീരത്തെ വരണ്ട ഊഷ്മാവിനെ പ്രതിരോധിക്കാന്‍ സാധിക്കാതെ ഇവയില്‍ ഭൂരിഭാഗവും ചത്തൊടുങ്ങി. 15 തിമിംഗലങ്ങളില്‍ മാത്രമേ ഇപ്പോള്‍ ജീവന്‍ അവശേഷിക്കുന്നുള്ളു. ജീവനോടെ അവശേഷിക്കുന്ന തിമിംഗലങ്ങളെ ആഴക്കടലിലെത്തിക്കാനുള്ള പരിശ്രമങ്ങളിലാണ് സന്നദ്ധ സംഘടനകള്‍.

തിമിംഗലത്തിന്റെ ഇറച്ചി കഴിക്കാനായി കടലില്‍ നിന്നും പല തരം ജീവികളും കരയിലേക്ക് കയറി വരാനുള്ള സാധ്യതയുള്ളതായും അതുകൊണ്ട് തന്നെ പ്രദേശ വാസികള്‍ സംഭവ സ്ഥലത്ത് നിന്നും അകന്ന് നില്‍ക്കണമെന്നും മത്സ്യ ബന്ധന വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് പ്രദേശ വാസികളും ആശങ്കയിലാണ്. തിമിംഗലങ്ങളുടെ മൃതദേഹങ്ങള്‍ പ്രദേശത്ത് നിന്നും നീക്കം ചെയ്തു വരികയാണ്. ഇവയുടെ മരണ കാരണം അറിയുവാനായി രക്ത സാംപിളുകള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 2009 ലും ഈ പ്രദേശത്ത് സമാനമായി 80 തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here