ഇന്ത്യയോട് സഹായമഭ്യര്‍ത്ഥിച്ച് പാക് താരം

ഇസ്ലാമാബാദ്: ഹൃദയ ശസ്ത്രക്രിയയ്ക്കായി ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം തേടി മുന്‍ പാക് ഹോക്കി താരം. 1990കളില്‍ പാകിസ്ഥാന്‍ ഹോക്കി ടീം ക്യാപ്റ്റനും അക്കാലത്തെ മിന്നും താരവുമായിരുന്ന മന്‍സൂര്‍ അഹമ്മദാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജിനോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായ മന്‍സൂര്‍ അഹമ്മദ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സഹായം അഭ്യര്‍ത്ഥിച്ചത്. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്ന് അഹമ്മദ് പുറത്തുവിട്ട ഒരു വീഡിയോയില്‍ പറയുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കിടയിലും ഏറെ പ്രതീക്ഷയോടെയാണ് മന്‍സൂര്‍ അഹമ്മദ് ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

കറാച്ചി സ്വദേശിയായ മന്‍സൂര്‍ ഇപ്പോള്‍ ചികിത്സയിലാണ്. പേസ്‌മേക്കറും സ്റ്റെയിന്റും തകരാറിലായതോടെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമാണ് പോംവഴി. ഇതിനായുള്ള ആധുനിക ചികിത്സ പാക്കിസ്ഥാനില്‍ ലഭ്യമല്ല. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ചികിത്സയ്‌ക്കെത്താന്‍ വിസ അത്യാവശ്യമായി വന്നിരിക്കുകയാണ്.

കുറഞ്ഞ ചിലവില്‍ ചികിത്സ നടത്താനും, വിജയ സാധ്യത ഏറ്റവും കൂടുതല്‍ ഉള്ളതും ഇന്ത്യയിലാണെന്ന തിരിച്ചറിവിലാണ് തങ്ങള്‍ ഇന്ത്യയെ തിരഞ്ഞെടുത്തതെന്ന് മന്‍സൂര്‍ പറഞ്ഞു. അഞ്ച് വര്‍ഷം മുന്‍പാണ് അഹമ്മദിന്റെ ഹൃദയത്തിന്റെ ആരോഗ്യം മോശമാകുന്നത്.

ഇതേ തുടര്‍ന്ന് ഹൃദയത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസത്തോട് കൂടി അവസ്ഥ വളരെ മോശമാവുകയായിരുന്നു. ഹൃദയം മാറ്റി വെക്കുകയല്ലാതെ മറ്റൊരു വഴിയും ഇനിയില്ലെന്ന് മന്‍സൂര്‍ വ്യക്തമാക്കി. ഇന്ത്യയിലേക്ക് തന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അയച്ച് കഴിഞ്ഞുവെന്നും, ആവശ്യ സമയത്ത് വിസ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ നിരാശപ്പെടുത്തില്ലെന്നാണ് പ്രതീക്ഷയെന്നും അഹമ്മദ് കൂട്ടിച്ചേര്‍ത്തു. മൂന്ന് ഒളിമ്പിക്‌സുകളിലാണ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഹോക്കി ടീം പങ്കെടുത്തിട്ടുള്ളത്. ഇതിന് പുറമെ നിരവധി ചാമ്പ്യന്‍സ് ട്രോഫികളിലും വേള്‍ഡ് കപ്പിലും വിജയം നേടിയ സമയങ്ങളിലും അഹമ്മദ് ടീമിലെ അംഗമായിരുന്നു. ഇന്ത്യന്‍ ടീമുമൊത്ത് നടന്ന മത്സരങ്ങളെ കുറിച്ചും അഹമ്മദ് ആവശേത്തോടെ വീഡിയോയില്‍ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here