സ്ഥാനാര്‍ത്ഥി കൊണ്ടു വന്ന കൊഹ്‌ലിയെ കണ്ട് ഗ്രാമവാസികള്‍ അമ്പരന്നു

പൂനെ :നാട്ടുകാരെ കയ്യിലെടുക്കാന്‍ രാഷ്ട്രീയക്കാര്‍ സെലിബ്രേറ്റികളായ സിനിമാ-ക്രിക്കറ്റ് താരങ്ങളെ പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്ന് പറഞ്ഞ് അവസാനം ഡ്യൂപ്പുകളെ കൊണ്ട് വന്ന് കുഴപ്പത്തിലാകുന്ന കാഴ്ച്ചകള്‍ സിനിമകളിലെ കോമഡി രംഗങ്ങളിലെ സ്ഥിരം കാഴ്ച്ചകളാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്തരം ഒരു സംഭവം നടന്നതില്‍ അന്തം വിട്ട് നില്‍ക്കുകയാണ് പൂനെയിലെ ഒരു ഗ്രാമവാസികള്‍.

പൂനെയിലെ ഷിരൂര്‍ ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തി ഒടുവില്‍ പുലി വാല് പിടിച്ചത്. വിതല്‍ ഗണ്‍പത് ഗാവ്‌ഡെയെന്ന സ്ഥാനാര്‍ത്ഥിയാണ് കക്ഷി. തന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ ആളെ കൂട്ടാന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹം ഒരു അറ്റ കൈ പ്രയോഗം തന്നെ നടത്തി.

മെയ് 25 ന് ഈ ഗ്രാമത്തില്‍ വെച്ച് നടക്കുന്ന തന്റെ റാലിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സാക്ഷാല്‍ വിരാട് കൊഹ്‌ലി കൂടി പങ്കെടുക്കുമെന്നായിരുന്നു ഇയാളുടെ പ്രഖ്യാപനം. വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. വിരാട് കൊഹ്‌ലിയെ കാണുവാനായി നാട്ടിലെ യുവാക്കളും യുവതികളും മെയ് 25 ആകുവാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലായി.

എന്നാല്‍ മറ്റൊരു വശത്ത് വിരാട് കൊഹ്‌ലി ഈ സംഭവം അറിഞ്ഞിട്ട് കൂടി ഇല്ലായിരുന്നുവെന്നതാണ് ഏറെ രസകരം. കൊഹ്‌ലിയെ ഈ നാട്ടിലേക്ക് കൊണ്ടു വന്നാല്‍ വോട്ട് ഗണ്‍പത് ഗാവ്‌ഡെക്ക് തന്നെയെന്ന് നാട്ടുകാര്‍ അദ്ദേഹത്തോട് ഉറപ്പിച്ച് പറഞ്ഞു. ബാബുരാവ് നഗറില്‍ നിന്നും ഷീരൂറിലേക്കുള്ള റാലിയില്‍ തന്നോടൊപ്പം കൊഹ്‌ലിയും കൂടി പങ്കെടുക്കുമെന്ന് ഗാവ്‌ഡെ പറഞ്ഞപ്പോള്‍ നാട്ടുകാര്‍ മുഴുവന്‍ ഈ വീഥികളില്‍ തടിച്ച് കൂടി.

ഗതി കെട്ട ഗാവ്‌ഡെ കൊഹ്‌ലിയുടെ രൂപ സാദൃശ്യമുള്ള വ്യക്തിയെ റാലിയില്‍ ഇറക്കി ഒരു പ്രയോഗം നടത്തി. നാട്ടുകാര്‍ കൂവി വിളിച്ചാണ് സ്ഥാനാര്‍ത്ഥിയേയും ഡ്യൂപ്പ് കൊഹ്‌ലിയേയും വരവേറ്റത്. പിന്നീട് അവിടെ എന്താണ് സംഭവിച്ചത് എന്നതിനെ പറ്റി കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. എന്നാലും സോഷ്യല്‍ മീഡിയയില്‍  ഡ്യൂപ്പ് കൊഹ്‌ലിയുടെ ചിത്രങ്ങള്‍ വ്യാപകമായാണ് പ്രചരിക്കപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here