ചുംബന വിവാദം:11 കാരി പറയുന്നത്‌

മുംബൈ : പാപോണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആസാമീസ് ഗായകന്‍ അംഗാരാഗ് മെഹന്ത ഫെയ്‌സ്ബുക്ക് ലൈവില്‍ തന്നെ ചുംബിച്ച സംഭവത്തില്‍ മനസ്സുതുറന്ന് പതിനൊന്നുകാരി. വീഡിയോയിലൂടെയാണ് പെണ്‍കുട്ടി നിലപാട് വ്യക്തമാക്കിയത്.

പാപോണ്‍ തന്നെ ചുംബിച്ചത് മോശം ഉദ്ദേശത്തിലല്ലെന്ന് കുട്ടി പറഞ്ഞു. മകളെ ചുംബിക്കുന്ന പോലെയാണ് പാപോണ്‍ തന്നെ ഉമ്മവെച്ചത്. തന്റെ അച്ഛനും അമ്മയും സ്‌നേഹപൂര്‍വ്വം തന്നെ മുത്തം വെയ്ക്കാറുണ്ട്.

മോശമായ ലക്ഷ്യം വെച്ചുള്ള ചുംബനമായിരുന്നില്ല അത്. അതിനാല്‍ ആ പ്രവൃത്തിയില്‍ തെറ്റില്ലെന്നും കുട്ടി പറഞ്ഞു. പിതൃസ്ഥാനത്താണ് മകള്‍ പാപോണിനെ കാണുന്നതെന്ന് വ്യക്തമാക്കി കുട്ടിയുടെ അച്ഛനും രംഗത്തെത്തിയിട്ടുണ്ട്.

വീഡിയോയില്‍ മോശമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. പാപോണ്‍ തന്റെ മകള്‍ക്ക് വഴികാട്ടിയായ വ്യക്തിത്വമാണ്. എല്ലാ കുട്ടികള്‍ക്കും തുല്യ പരിഗണനയാണ് പാപോണ്‍ നല്‍കി വരുന്നത്.

അദ്ദേഹം മകളോട് തന്റെ വാത്സല്യം പ്രകടിപ്പിക്കുക മമാത്രമാണ് ചെയ്തതെന്നും വിവാദം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാപോണ്‍ കുട്ടിയെ ഉമ്മവെയ്ക്കുന്ന വീഡിയോ വിവാദത്തിനിടയായതോടെ വിശദീകരണവുമായി ഗായകന്‍ രംഗത്തെത്തിയിരുന്നു.

താന്‍ മോശം ഉദ്ദേശത്തോടെ ഒന്നും ചെയ്തിട്ടില്ലെന്നും പൊടുന്നനെ വാത്സല്യപ്രകടനത്തിന്റെ ഭാഗമായി ഉമ്മവെയ്ക്കുകയുമായിരുന്നുവെന്നാണ് ഇദ്ദേഹം പറഞ്ഞത്.

തെറ്റായ ആംഗിളില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാലാണ് ആക്ഷേപകരമായി ചിത്രീകരിക്കപ്പെട്ടതെന്നും തെറ്റായി തോന്നുന്നെങ്കില്‍ മാപ്പ് പറയുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.

ഒരു സ്വകാര്യ ചാനലിലെ മ്യൂസിക് റിയാലിറ്റി ഷോയുടെ വിധികര്‍ത്താവായ പാപോണ്‍ മത്സരാര്‍ത്ഥികള്‍ക്കൊപ്പം ഹോളി ആഘോഷിക്കുന്നതിനിടയിലാണ് കുട്ടിയെ ചുംബിച്ചത്. ഫെയ്‌സ്ബുക്ക് ലൈവിനിടെയായിരുന്നു ഇത്.

പെണ്‍കുട്ടിയുടെ മുഖത്ത് പാപോണ്‍ നിറങ്ങള്‍ തേയ്ക്കുന്നതും ഉമ്മ വെയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. ഇത് കണ്ട ഒരു സുപ്രീം കോടതി അഭിഭാഷകന്‍ ശിശു സംരക്ഷണ വിഭാഗത്തിന് പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്.

LEAVE A REPLY

Please enter your comment!
Please enter your name here