നാലാംക്ലാസുകാരന്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചു

ഇടവ: പറവക്കാവടി അനുകരിച്ച് കളിക്കുന്നതിനിടെ നാലാം ക്ലാസുകാരന്‍ കഴുത്തില്‍ ഷാള്‍ കുടുങ്ങി മരിച്ചു. തിരുവനന്തപുരത്തെ ഇടവ തോട്ടുമുഖം ചരുവിളവീട്ടില്‍ അജയകുമാര്‍- ശാമിനി ദമ്പതികളുടെ മകന്‍ അജീഷ് (9) ആണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്.

ഇടവ കരിപ്പുറം ഗവ. എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് അജീഷ്. മാതാപിതാക്കള്‍ ജോലിക്ക് പോകുന്നതിനാല്‍ അജീഷ് അമ്മൂമ്മയോടൊപ്പം കാട്ടുവിളയിലായിരുന്നു താമസം.

സഹോദരിക്കും അടുത്ത വീട്ടിലെ കുട്ടികള്‍ക്കുമൊപ്പം കളിക്കുകയായിരുന്നു അജീഷ്. അമ്മൂമ്മ സീരിയല്‍ കണ്ടുകൊണ്ടിരിക്കുന്ന സമയത്താണ് അജീഷ് പറവക്കാവടി അനുകരിച്ചത്.

സഹോദരി അജിത്രയുടെ ഷാള്‍ ജനാലയില്‍ ബന്ധിച്ച ശേഷം കഴുത്തിലും കൈയിലും കെട്ടിയാണ് അനുകരണം നടത്തിയത്. ഇതിനിടെ കഴുത്തിലെ ഷാള്‍ മുറുകുകയായിരുന്നു. കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ അമ്മൂമ്മ മറ്റുള്ളവരെ അറിയിച്ച് ഉടന്‍ വര്‍ക്കലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അയിരൂര്‍ പൊലീസ് കേസെടുത്തു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപതിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 

LEAVE A REPLY

Please enter your comment!
Please enter your name here