ഭര്‍ത്താവിനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തി

വിജയനഗരം : വിവാഹം കഴിഞ്ഞ് ഏഴാം നാള്‍ യുവതി ഭര്‍ത്താവിനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ വിജയനഗരത്തിലാണ് നടുക്കുന്ന സംഭവം. 28 കാരനായ ശങ്കര്‍റാവുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍, പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ ഭാര്യ സരസ്വതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മോഷണ ശ്രമത്തിനിടെ ഭര്‍ത്താവ് അക്രമികളാല്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന സരസ്വതിയുടെ തിരക്കഥ പൊളിച്ചാണ് പൊലീസ് കേസ് ചുരുളഴിച്ചത്. കൃത്യത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. സരസ്വതി പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ്.

സഹവിദ്യാര്‍ത്ഥിയായ ശിവയെന്ന യുവാവുമായി പ്രണയത്തിലുമാണ്. എന്നാല്‍ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ക്കുകയും ശങ്കര്‍ റാവുവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു. ഏപ്രില്‍ 28 നായിരുന്നു വിവാഹം. എന്നാല്‍ ശങ്കര്‍ റാവുവിനൊപ്പം ജീവിക്കാന്‍ സരസ്വതിക്ക് താല്‍പ്പര്യമില്ലായിരുന്നു.

ഇതേ തുടര്‍ന്ന് വിശാഖപട്ടണത്തെ ഒരു റൗഡി സംഘവുമായി സരസ്വതി ബന്ധപ്പെട്ടു. ശങ്കര്‍ റാവുവിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കി. മോഷണശ്രമത്തിനിടെയുള്ള കൊലപാതകം എന്ന തരത്തില്‍ തിരക്കഥയൊരുക്കി. മെയ് ആറിന് ഭര്‍ത്താവിനൊപ്പം സരസ്വതി പാര്‍വതീപുരത്തെ ബന്ധുവീട്ടില്‍ പോയി.

ഈ വിവരം യുവതി മുന്‍കൂട്ടി ക്വട്ടേഷന്‍ സംഘത്തെ അറിയിച്ചു. ബന്ധുവീട്ടില്‍ നിന്ന് രാത്രിയില്‍ മടങ്ങവെ അക്രമികള്‍ ഇവരുടെ ബൈക്കിനെ പിന്‍തുടര്‍ന്നു. തുടര്‍ന്ന് വഴിമധ്യേ മൂന്നംഗസംഘം ഇവരുടെ ബൈക്ക് തടയുകയുകയും ശങ്കര്‍ റാവുവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്തു.

കുപ്പി കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. തിരക്കഥപ്രകാരം സരസ്വതിയുടെ ആഭരണങ്ങളുമായി ക്വട്ടേഷന്‍ സംഘം രക്ഷപ്പെട്ടു. താനും ആക്രമിക്കപ്പെട്ടെന്ന് വരുത്താന്‍ സരസ്വതിയും കൈയില്‍ മുറിവുണ്ടാക്കി. ഓടിക്കൂടിയവരുടെ സഹായത്തോടെ യുവതി ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ചു.

മോഷണശ്രമത്തിനിടെയാണ് ആക്രമണമെനനും തന്റെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടെന്നും യുവതി എല്ലാവരെയും ധരിപ്പിച്ചു. ശങ്കര്‍റാവുവിന്റെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

എന്നാല്‍ അക്രമികള്‍ മടങ്ങവേ വഴിമധ്യേ പൊലീസ് പരിശോധനയുണ്ടായിരുന്നു. എസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സാധാരണയെന്നപോലെ ഇവരുടെ ഓട്ടോ തടഞ്ഞ് പരിശോധന നടത്തി. എന്നാല്‍ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടിയില്ലാതെ ഉരുണ്ടുകളിച്ച ഇവരില്‍ പൊലീസിന് സംശയമായി.

തുടര്‍ന്ന് ഇവരെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തി സരസ്വതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തെക്കുറിച്ച് യുവതിയുടെ കാമുകന് അറിയില്ലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here