കാര്‍വാര്‍ :മൂന്നാം ക്ലാസിലെ കുട്ടികള്‍ തമ്മിലുള്ള വഴക്ക് അമ്മമാര്‍ ഏറ്റെടുത്തപ്പോള്‍ സ്കൂള്‍ പരിസരം ഒടുവില്‍ യുദ്ധക്കളമായി. കര്‍ണ്ണാടകയിലെ കാര്‍വാര്‍ ജില്ലയിലെ അങ്കോള താലൂക്കിലെ ഒരു സ്കൂള്‍ പരിസരമാണ് കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ തമ്മിലടി കാരണം യുദ്ധക്കളമായി മാറിയത്.
മൂന്നാം ക്ലാസിലെ രണ്ട് കുട്ടികള്‍ തമ്മില്‍ സ്കൂളില്‍ വെച്ച് നടന്ന ഒരു അടിപിടിയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.
തന്റെ മകനെ മര്ദ്ദിച്ചതാരെന്നറിയാന് സ്കൂളിലെത്തിയ സുരേഖ എന്ന മാതാവ് കാഞ്ചന എന്ന യുവതിയേയും അവരുടെ മകനേയും ചെരുപ്പ് കൊണ്ട് തല്ലി. കാഞ്ചനയുടെ മകനായിരുന്നു സുരേഖയുടെ കുട്ടിയെ മര്‍ദ്ദിച്ചത്.നാട്ടുക്കൂട്ടം വഴി മര്‍ദ്ദനമേറ്റ കാര്യം കാഞ്ചന ഗ്രാമവാസികളെ അറിയിച്ചു. ഇതറിഞ്ഞ ഗ്രാമത്തലവന് സ്കൂളിലെത്തി പ്രധാനധ്യാപികയോട് രക്ഷകര്ത്തൃയോഗം വിളിക്കുവാന്‍ ആവശ്യപ്പെട്ടു.
സ്വയം പ്രതിരോധത്തിനായി ഒരു സഞ്ചി നിറയെ കല്ലുകളുമായാണ് സുരേഖ യോഗത്തിനെത്തിയത്. ഗ്രാമവാസികളായ രക്ഷകര്ത്താക്കളെല്ലാം ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ഒരുങ്ങുകയാണെന്ന് മനസ്സിലാക്കിയ സുരേഖ ഇവരെ കയ്യിലിരുന്ന കല്ലെടുത്ത് എറിയുവാന്‍ തുടങ്ങി.
ഇതോടെ ഗ്രാമവാസികളും തിരിച്ച് പ്രതിരോധിക്കാന്‍ ആരംഭിച്ചു. അങ്ങനെ നിമിഷങ്ങള്‍ക്കകം സ്കൂള്‍ ഒരു യുദ്ധക്കളമായി മാറി. ഒടുവില്‍ പൊലീസെത്തിയാണ് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചത്.