വിനോദ സഞ്ചാരിയെ പുലി പിടിച്ചു

Representative Image

ഉത്തരാഖണ്ഡ്: കാണാതായ വിനോദ സഞ്ചാരിയെ തിരഞ്ഞെത്തിയ സംഘത്തിന് കിട്ടിയത് പാതി ഭക്ഷിച്ച നിലയില്‍ ഉപേക്ഷിച്ച മൃതദേഹം. ഉത്തരാഖണ്ഡിലെ രാജാജി കടുവ സങ്കേതത്തിലാണ് ദാരുണമായ സംഭവം നടന്നത്. പുലിയുടെ ആക്രമണമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മോണ്‍ടിചുര്‍ വനാതിര്‍ത്തിക്ക് സമീപമുള്ള അമ്പലത്തിന് പിന്നിലുള്ള വനത്തിനുള്ളിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 56 കാരനായ ടെക് ചന്ദിന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഹരിയാനയിലെ പല്‍വാല്‍ സ്വദേശിയാണ് ടെക് ചന്ദ്. കുടുംബസമേതം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു ഇദ്ദേഹം.

കഴിഞ്ഞ ദിവസം നീല്‍കണ്ഡിലെത്തിയ സംഘം മടക്കയാത്രയില്‍ ക്ഷേത്രവും സന്ദര്‍ശിച്ചു. ഇതിനിടെ പിന്നിലെ വനത്തിലേയ്ക്ക് പോയ ഇദ്ദേഹം വൈകുന്നേരം നാല് മണിയായിട്ടും തിരിച്ചെത്തിയില്ല. പരിഭ്രാന്തരായ ബന്ധുക്കള്‍ ഉടന്‍തന്നെ വിവരം സമീപത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു.

തിരച്ചിലിനൊടുവില്‍ രാത്രി പത്തരയോടെ ക്ഷേത്രത്തിന് പിന്നിലുള്ള വനത്തില്‍ നിന്നും പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സമാനമായ സംഭവം മുന്‍പും ഈ പ്രദേശത്ത് നടന്നിട്ടുണ്ട്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പതിനേഴാമത്തെ വ്യക്തിയാണ് ഇദ്ദേഹം. പ്രദേശത്ത് പലയിടത്തും മുന്നറിയിപ്പ് ബോര്‍ഡുകള്‍ വച്ചിട്ടുണ്ടെങ്കിലും സഞ്ചാരികള്‍ ഇത് അവഗണിക്കുന്നതാണ് അപകടത്തിന് കാരണമെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here