25കാരന്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നു

ബെയ്ജിങ്: ചൂട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാരന്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നു. 25 വയസുകാരനായ ചെന്‍ എന്ന ചൈനക്കാരനാണ് ചൂട് കാരണം വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നിട്ടത്. ഏപ്രില്‍ 27ന് മിയാന്‍യാങ് വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ചൂട് കാരണമാണ് താന്‍ വാതില്‍ തുറന്നതെന്ന് ഇയാള്‍ വിമാന ജീവനക്കാരോട് പറഞ്ഞു.

എന്നാല്‍ ഇയാള്‍ വാതില്‍ തുറന്നയുടനെ ഉള്ളിലേക്ക് കാറ്റടിച്ച് കയറി വിമാനത്തിന് കേടുപാടുകള്‍ പറ്റി. ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം പിന്നീട് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ക്ക് 15 ദിവസം തടവും 11,000 ഡോളര്‍ പിഴയും ലഭിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടിയന്തിര സാഹചര്യങ്ങളില്‍ മാത്രം തുറക്കേണ്ട വാതിലാണെന്ന് അറിയാതെയാണ് ഇയാള്‍ തുറന്നതെന്നാണ് പൊലീസ് പറയുന്നത്.

ചൂട് അനുഭവപ്പെട്ടപ്പോള്‍ അരികിലായുണ്ടായിരുന്ന വാതില്‍ തുറന്നതായി ചെന്‍ പറഞ്ഞു. എന്നാല്‍ വാതില്‍ താഴെ വീണപ്പോള്‍ പരിഭ്രാന്തനായി ജീവനക്കാരെ വിവരം അറിയിച്ചതായും ചെന്‍ വ്യക്തമാക്കി. ഇതിന് മുന്‍പും ചൈനീസ് യാത്രക്കാര്‍ ഇത്തരത്തില്‍ വിമാനയാത്രയ്ക്കിടെ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. 2014ല്‍ വിമാനത്തിലെ യാത്രക്കാരന്‍ കാറ്റ് കിട്ടാനായി എമര്‍ജന്‍സി വാതില്‍ തുറന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here