ഇസ്ലാം ഹുസൈന് കാഴ്ചശക്തി തിരികെക്കിട്ടി

കൊച്ചി : ബോംബ് സ്‌ഫോടനത്തില്‍ കാഴ്ചശക്തി നഷ്ടപ്പെട്ട യെമന്‍ സ്വദേശിക്ക് ഒരു കണ്ണിന്റെ വെളിച്ചം തിരികെക്കിട്ടി. സങ്കീര്‍ണ്ണ ശസ്ത്രക്രിയയിലൂടെ 21 കാരനായ ഇസ്ലാം ഹുസൈനാണ്  കാഴ്ച തിരികെ കിട്ടിയത്.

ഇടതുകണ്ണിന്റെ 90 ശതമാനം കാഴ്ച തിരിച്ചുകിട്ടിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇപ്പോള്‍ യുവാവിന് പരസഹായമില്ലാതെ നടക്കാം. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഓഫ്താല്‍മോളജി വിഭാഗത്തിലായിരുന്നു യുവാവിനെ പ്രവേശിപ്പിച്ചത്.

ഡോ. അനില്‍ രാധാകൃഷ്ണന്‍, ഡോ.ഗോപാല്‍ എസ് പിള്ള എന്നിവരാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്.കോര്‍ണിയല്‍ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയയിലൂടെയാണ് ഒരു കണ്ണിന് കാഴ്ച നേടിയെടുക്കാനായത്. യെമനിലെ ടൈസിസ് സ്വദേശിയാണ് ഇസ്ലാം ഹുസൈന്‍. നിരത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് ബോംബ് സ്‌ഫോടനമുണ്ടായത്.

സംഭവത്തില്‍ ഹുസൈന് ഗുരുതരമായി പരിക്കേറ്റു. ഇരുകണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടതിന് പുറമെ അണുബാധമൂലം കൈകള്‍ മുറിച്ചുമാറ്റേണ്ടി വന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇവര്‍ ഇന്ത്യയിലേക്ക് വരികയായിരുന്നു.

ഇതെന്റെ രണ്ടാം ജന്‍മമാണെന്നും ഡോക്ടര്‍മാരോടും മാതാപിതാക്കളോടും ദൈവത്തോടും നന്ദി പറയുന്നതായും ഹുസൈന്‍ പറഞ്ഞു.എഞ്ചിനീയറാകാനുള്ള ആഗ്രഹം ഉപേക്ഷിക്കുകയാണെന്നും അമൃതയിലെ ചികിത്സയ്ക്ക് ശേഷം, ഡോക്ടറാകാനുള്ള താല്‍പ്പര്യമുണ്ടായിരിക്കുകയാണെന്നും ഈ 21 കാരന്‍ പറയുന്നു.

മകന് ഒരു കണ്ണിന്റെ കാഴ്ചയെങ്കിലും തിരിച്ചുകിട്ടിയതില്‍ സന്തോഷമുണ്ടെന്ന് മാതാപിതാക്കളും വ്യക്തമാക്കുന്നു. കൈകള്‍ ലഭിച്ചാല്‍ കൈപ്പത്തി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 21 കാരനെ വിധേയനാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here