വിജയ് ഏറ്റവും പ്രായം കുറഞ്ഞ ധനികന്‍

ന്യൂഡല്‍ഹി : പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ധനികനെന്ന് ഫോര്‍ബ്‌സ് മാഗസിന്‍. 39 കാരനായ വിജയ് ശേഖര്‍ ശര്‍മ രാജ്യത്തെ യുവ ധനികനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആല്‍കേം ലബോറട്ടറീസിന്റെ ചെയര്‍മാന്‍ സംപ്രദ സിങ് ഏറ്റവും പ്രായമേറിയ കോടീശ്വരനായി.

ലോകത്തെ കോടീശ്വരന്‍മാരില്‍ 1394 ാം സ്ഥാനക്കാരനാണ് വിജയ് ശേഖര്‍ ശര്‍മയെന്ന് ഫോര്‍ബ്‌സ് പറയുന്നു. 1.7 ബില്യണ്‍ യുഎസ് ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തിയായി കണക്കാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ സമ്പത്തുള്ള 40 വയസ്സില്‍ താഴെയുള്ളവരെയാണ് ഫോര്‍ബ്‌സ് പരിഗണിച്ചത്.

ഇതില്‍ വിജയ് ശേഖര്‍ ശര്‍മ ഒന്നാമതെത്തുകയായിരുന്നു.2011 ലാണ് ഇദ്ദേഹം പേടിഎം സ്ഥാപിക്കുന്നത്. രാജ്യത്താകമാനം ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്ന വന്‍ ശൃംഖലയായി ഇതിനകം പേടിഎം വളര്‍ന്നുകഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചായി പേടിഎം മാളും, പേടിഎം പെയ്‌മെന്റ്‌സ് ബാങ്കും ആരംഭിച്ചിട്ടുണ്ട്.

നോട്ടുനിരോധനമാണ് വിജയ് ശേഖര്‍ ശര്‍മയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. ഇക്കാലത്ത് മോദി സര്‍ക്കാര്‍ ക്യാഷ് ലെസ് ഇടപാടുകളെ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഇദ്ദേഹമായിരുന്നു.

ഇപ്പോള്‍ 250 ദശലക്ഷം ഉപയോക്താക്കളുണ്ട് പേടിഎമ്മിന്. ദിനം പ്രതി 7 മില്യണ്‍ ഇടപാടുകളാണ് പേടിഎം മുഖേന നടക്കുന്നത്. അതേസമയം മലയാളിയായ എംഎ യൂസഫലി ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ 388 ാമനാണ്. അഞ്ച് ബില്യണ്‍ ഡോളറാണ് യൂസഫലിയുടെ ആസ്തി.

LEAVE A REPLY

Please enter your comment!
Please enter your name here