ലോകായുക്ത ജസ്റ്റിസിന് കത്തിക്കുത്തേറ്റു

ബംഗളൂരു :ലോകായുക്ത ജസ്റ്റിസിനെ പരാതിക്കാരന്‍ കുത്തിപരിക്കേല്‍പ്പിച്ചു. കര്‍ണ്ണാടക ലോകായുക്ത ജസ്റ്റിസ് വിശ്വാനാഥ് ഷെട്ടിക്കെതിരെയാണ് ഓഫീസിനുള്ളില്‍ വെച്ച് പരാതിക്കാരന്റെ ആക്രമണം അരങ്ങേറിയത്.

ബുധനാഴ്ച രാവിലെ,  കേസിന്റെ വാദം നടന്നു കൊണ്ടിരിക്കെയാണ് തേജസ് ശര്‍മ്മയെന്ന പരാതിക്കാരന്‍ ജഡ്ജിയെ അക്രമിക്കാന്‍ ഒരുങ്ങിയത്. അരയില്‍ ഒളിപ്പിച്ച  കത്തി  പുറത്തെടുത്ത്  ഇയാള്‍  ജഡ്ജിയെ കുത്തി  പരിക്കേല്‍പ്പിക്കുകയായിരുന്നു.

അക്രമകാരിയെ പൊലീസ് ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത് നീക്കി. വിശ്വാനാഥ് ഷെട്ടിയെ പരിക്കുകളോടെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം ഇപ്പോള്‍ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഓഫീസ് കെട്ടിടത്തിനകത്ത് പ്രവേശിക്കുന്നതിലേക്കുള്ള സുരക്ഷാ വാതിലിലെ മെറ്റല്‍ ഡിറ്റക്ടര്‍ ഏതാനും ദിവസങ്ങളായി തകരാറിലായിരുന്നു. ഇതു കാരണമാണ് അക്രമകാരിക്ക് കത്തിയുമായി അകത്തേക്ക് പ്രവേശിക്കാന്‍ സാധിച്ചത്.

ഓഫീസ് കെട്ടിടത്തിനുള്ളില്‍ നടന്നത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. 2017 ജനുവരിയിലാണ് വിശ്വനാഥ് ഷെട്ടി കര്‍ണ്ണാടകയിലെ ലോകായുക്ത ജഡ്ജിയായി അധികാരമേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here