ആകാശത്ത് നിന്നും തീഗോളങ്ങള്‍ ഭൂമിയിലേക്ക്

പെറു :ആകാശത്ത് നിന്നും തീഗോളം കണക്കെ മണ്ണിലേക്ക് വന്ന ലോഹഗോളങ്ങള്‍ പ്രദേശവാസികളില്‍ ആശങ്ക സൃഷ്ടിക്കുന്നു. പെറുവിന്റെയും ബ്രസീലിന്റെയും അതിര്‍ത്തി ഗ്രാമമായ പുനോവിലാണ് വലിയ ലോഹ ഗോളങ്ങള്‍ മണ്ണില്‍ വീണ് കിടക്കുന്ന നിലയില്‍ കാണപ്പെട്ടത്.

കഴിഞ്ഞ ജനുവരി 27 നാണ് ഇവ ഭൂമിയിലേക്ക് പതിച്ചത്. ഇതാണ് ഗ്രാമവാസികളില്‍ ആശങ്കയ്ക്കിടയാക്കുന്നത്. തീഗോളം കണക്കെ കത്തി ആകാശത്തിലൂടെ ഇവ ഭൂമിയിലേക്ക് പതിക്കാനായി ഒരുങ്ങുന്നത് ടിങ്കോ മരിയ, പ്യുക്കാല്‍പ്പ എന്നീ നഗരങ്ങളില്‍ നിന്നും കാണുവാന്‍ സാധിച്ചിരുന്നു.എന്നാല്‍ ഇവ എന്താണെന്നോ എവിടെയാണ് ചെന്നു പതിച്ചതെന്നോ കൂടുതല്‍ വിവരങ്ങളൊന്നും പിന്നീട് ലഭ്യമായിരുന്നില്ല. പുനോ ഗ്രാമത്തിലെ ലറന്‍കാഹ്യാനി വിഭാഗത്തില്‍പ്പെട്ട പ്രദേശവാസികളാണ് ഈ ഗോളങ്ങളെ തങ്ങളുടെ കൃഷിയിടത്തില്‍ വെച്ച് കണ്ടെത്തിയത്.

ഇവ പതിക്കുന്നതിന് തൊട്ട് മുന്‍പുള്ള ദിവസങ്ങളില്‍ ആകാശത്തില്‍ നിന്നും കൂട്ടിയിടിയുടെ തരത്തിലുള്ള ശക്തമായ ശബ്ദങ്ങള്‍ കേട്ടിരുന്നതായും അതിനാല്‍ ഇവ ഉല്‍ക്കകളാണെന്നുമാണ് ഒരു വിഭാഗം ശാസ്ത്രജ്ഞന്‍മാര്‍ ആവകാശപ്പെടുന്നത്.

എന്നാല്‍ ഇവ ഭൗമോപരിതലത്തില്‍ വിക്ഷേപിക്കപ്പെട്ട ഏതെങ്കിലും സാറ്റ്‌ലൈറ്റിന്റെ ഒഴിഞ്ഞ എണ്ണടാങ്കുകള്‍ ആകാമെന്നാണ് മറ്റൊരു വിഭാഗം ശാസ്ത്രജ്ഞന്‍മാര്‍ അവകാശപ്പെടുന്നത്. ആകാശത്തിലൂടെ കടന്നു വരുമ്പോള്‍ വായുവിലെ വസ്തുക്കളുമായുള്ള ഘര്‍ഷണം മൂലം ഇവ തീ പിടിച്ചതാകാമെന്നും ഇവര്‍ വാദിക്കുന്നു.

എന്ത് തന്നെയായാലും സംഭവത്തിലെ ദുരൂഹത ഇനിയും അവസാനിക്കാത്തതിനാല്‍ ആശങ്കയിലാണ് ഗ്രാമവാസികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here