വിമാനം വീടിനുള്ളിലേക്ക് ഇടിച്ച് കയറി

മനില :ദിശ തെറ്റിയ വിമാനം വീടിനുള്ളിലേക്ക് ഇടിച്ച് കയറി പത്ത് മരണം. ഫിലിപ്പന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ ശനിയാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. പിപ്പര്‍-23 അപ്പാച്ചെ എന്ന സ്വകാര്യ ചെറു വിമാനമാണ് ഒരു വീടിലേക്ക് ഇടിച്ച് കയറിയത്.

മനിലയുടെ വടക്ക് ഭാഗത്തെ പ്രദേശമായ പ്ലാരിഡലില്‍ നിന്നും പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകമാണ് അപകടം. വിമാനത്താവളത്തിന് അടുത്തുള്ള വീടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ആറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനത്തില്‍ ആ സമയം അഞ്ച് യാത്രക്കാരാണ് ഉണ്ടായത്.

ഇവര്‍ അഞ്ച് പേരും മരണപ്പെട്ടു. കൂടാതെ വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് കുട്ടികളും ഒരു യുവതിയും വൃദ്ധയും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. വിമാനം വീടിന്റെ ഭിത്തിയില്‍ ഇടിച്ചയുടനെ ഉഗ്രമായ സ്‌ഫോടനത്തോടെ പൊട്ടിത്തകരുകയായിരുന്നു. തീ പൊള്ളലേറ്റ് രണ്ട് വഴിയാത്രക്കാരും ചികിത്സയിലാണ്.

മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങളില്‍ നിന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അപകടത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പറന്നുയരുന്നതിനിടെ വിമാനം മരക്കൊമ്പിലോ ഇലക്ട്രിക്ക് പോസ്റ്റിലോ തട്ടിയതാകാമെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം

LEAVE A REPLY

Please enter your comment!
Please enter your name here