ഷാനു ചാക്കോ-പൊലീസ് ഫോണ്‍ സംഭാഷണം പുറത്ത്

കോട്ടയം :കെവിന്‍ വധക്കേസില്‍ പൊലീസിന്റെ ഗുരുതര വീഴ്ച്ച വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. മാന്നാനത്തെ വീട്ടില്‍ നിന്നും കെവിനേയും അനീഷിനേയും തട്ടിക്കൊണ്ട് പോകുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് ഗുണ്ടാ സംഘത്തെ പൊലീസ് കണ്ടിരുന്നുവെന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. മാന്നാനത്തെ അനീഷിന്റെ വീട്ടിന് മുന്നില്‍ ഗുണ്ടാസംഘം വാഹനങ്ങളുമായി ചുറ്റിക്കറങ്ങവേയാണ് പൊലീസ് ഇവരെ പിടികൂടുന്നത്.

തങ്ങള്‍ ഒരു കല്ല്യാണത്തിന് പോവുകയാണെന്നാണ് ഷാനു ഈ സമയം പൊലീസിനെ തെറ്റിദ്ധരിപ്പിച്ചത്. ഇതേ തുടര്‍ന്ന് ഇരുവരുടെയും ഒരു ഫോട്ടോ മാത്രമെടുത്ത് പൊലീസ് ഇവരെ വിട്ടയച്ചു. ഈ ചിത്രങ്ങള്‍ ന്യൂസ് 18 ചാനല്‍ പുറത്തു വിട്ടതോട് കൂടിയാണ് പൊലീസിന്റെ ഗുരുതര വീഴ്ച്ച വെളിച്ചത്ത് വരുന്നത്. ഒരു പക്ഷെ പൊലീസ് ഈ സമയം പ്രതികളെ നേരാം വണ്ണം ചോദ്യം ചെയ്തിരുന്നെങ്കില്‍ ഈ തട്ടിക്കൊണ്ടു പോകലും തുടര്‍ന്നുണ്ടായ ദാരുണമായ കൊലപാതകവും ഒഴിവാക്കാമായിരുന്നു.

പൊലീസിനെ കബളിപ്പിക്കാനായി ഗുണ്ടാ സംഘം നടത്തിയ ഫോണ്‍ വിളിയും പുറത്തു വന്നു. കെവിന്‍ വാഹനത്തില്‍ നിന്നും ചാടിപ്പോയെന്ന് പറഞ്ഞ് അനിഷിനെ കൊണ്ട് ഗുണ്ടകള്‍ പുലര്‍ച്ചെ 5.35 ഓടെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇരുവരും വൈകാതെ തന്നെ സുരക്ഷിതരായി തിരിച്ചെത്തുമെന്നും ഇവര്‍ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. അതു കൊണ്ട് തന്നെ കൂടുതല്‍ അന്വേഷണങ്ങളിലേക്ക് പൊലീസ് സംഘം മുതിര്‍ന്നില്ല. കെവിനേയും അനീഷിനേയും തട്ടിക്കൊണ്ട് പോയി 17 മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലീസ് ഈ കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായത്.

ഷാനു ചാക്കോയും പൊലീസ് ഉദ്യോഗസ്ഥനുമായി നടന്ന ഫോണ്‍ സംഭാഷണം

ഷാനു : പറ സാറേ, കേട്ടോ മറ്റവന്‍ (കെവിന്‍) നമ്മുടെ കയ്യില്‍ നിന്നും ചാടിപ്പോയി. അവന്‍ ഇപ്പോള്‍ അവിടെ വന്നു കാണും
പൊലീസ് : മാന്നാനത്ത് നിന്നാണ് ചാടിപ്പോയത്. അങ്ങ് എത്തിയാണോ പോയത്
ഷാനു : ഏ…വഴിക്ക് വെച്ചാണ് പോയത്. എനിക്ക് ശരിക്ക് അറിയത്തില്ല ,ഞാന്‍ വേറെ വണ്ടിയിലാണ്, പുള്ളിക്കാരന് കൃത്യമായിട്ട് അറിയാം എങ്ങോട്ട പോയതെന്ന്, ഇതിന്റെ തൊല്ലയ്ക്കും വല്ലയ്‌ക്കൊന്നും എനിക്ക് വയ്യ, എന്റെ ഭാവി തൊലയ്ക്കാന്‍ എനിക്ക് വയ്യ, ഞങ്ങള്‍ക്ക് കൊച്ചിനെ (നീനു) വേണം,
പൊലീസ് :
ഷാനു : പിന്നെ സാറിനോട് ഒരു റിക്വസ്റ്റാണ്, ഞാന്‍ ചെയ്ത തെറ്റാണ്, ഞാന്‍ ഒരിക്കലും ന്യായികരിക്കുവല്ല, ഞാന്‍ ഇപ്പോ ചെയ്യാന്‍ പോകുന്ന കാര്യമെന്നാന്ന് വെച്ച് കഴിഞ്ഞാല്‍ പുള്ളിക്കാരനെ (അനീഷ്) ഇപ്പോ തിരിച്ച് നിങ്ങളുടെ കയ്യില്‍ സുരക്ഷിതമായി എത്തിച്ച് തരുക, ഓകെ കടവില്‍ പുള്ളിക്കാരന് എന്തെങ്കിലും നഷ്ടപരിഹാരം വേണെങ്കില്‍ അതിന്റെ പൈസയും ഞാന്‍ കൊടുത്തേക്കാം.
പൊലീസ് : ടിവിയൊക്കെ തല്ലിപൊട്ടിച്ചിട്ടുണ്ടോ വീടിന്റെ കതകെല്ലാം പൊളിച്ചിട്ടുണ്ട്
ഷാനു : അത് എന്ത് വെച്ചാലും ഞാന്‍ ഇപ്പോ ഒരു പൈസ കൊടുക്കും, പുള്ളിക്കാരന് എന്റെ കോണ്‍ടാക്റ്റ് നമ്പര്‍ കൊടുക്കും പക്ഷെ കൊച്ചിനോടൊന്നു പറഞ്ഞു തിരിച്ച് തരുവാന്‍ പറ്റുവാണെല്‍ ഞാന്‍ കാലു പിടിക്കാം തിരിച്ചു തരുക
പൊലീസ് : എന്നെ കൊണ്ട് ആവുന്നത് ചെയ്ത് തരാം ഷാനു
ഷാനു : എനിക്കൊരു കുടുംബമുണ്ട് സാറെ, കല്ല്യാണം കഴിഞ്ഞ് ആറു മാസമേ ആയിട്ടുള്ളു
പൊലീസ് : എന്നേ കൊണ്ടാവുന്നത് ഞാന്‍ ചെയ്യാം

അതേസമയം കെവിന്‍ കൊലപാതകത്തില്‍ ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. പൊലീസ് അറിഞ്ഞ് കൊണ്ടു തന്നെയാണ് ഈ തട്ടിക്കൊണ്ട് പോകല്‍ നടന്നിരിക്കുന്നതെന്ന് സ്ഥിരീകരിക്കുന്നതാണ് ഐജി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട്. കെവിനെ ഗുണ്ടകളെ തട്ടിക്കൊണ്ട് പോകുന്നതിന് മുന്‍പ് എഎസ്‌ഐ ബിജു രണ്ടു തവണ പ്രതികളുമായി ഫോണ്‍ സംഭാഷണത്തിലേര്‍പ്പെട്ടതിന് തെളിവുകളുണ്ട്. കൂടാതെ എസ് ഐ ഷിബുവിനും ഇക്കാര്യം അറിയായിരുന്നതായും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കടപ്പാട്: ന്യൂസ് 18 മലയാളം

NEWS 18 KERALA LIVE

കെവിന്‍ വധക്കേസിൽ പോലീസ് വീഴ്ച്ച വ്യക്തമാക്കുന്ന പോലീസ് സംഭാഷണം പുറത്ത്. ഷാനുചാക്കോയും ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്…കെവിനെ തട്ടികൊണ്ടുപോയത് പോലീസ് അറിഞ്ഞന്നാണുള്ള കാര്യം സംഭാഷണത്തിൽ നിന്ന് വ്യക്തം.

News18 Keralaさんの投稿 2018年5月29日(火)

LEAVE A REPLY

Please enter your comment!
Please enter your name here