എഞ്ചിന്‍ തകരാര്‍:വിമാനം ഹൈവേയിലിറക്കി

കാലിഫോര്‍ണിയ :എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് വിമാനം ഹൈവേയിലിറക്കി. അമേരിക്കയിലെ കാലിഫോര്‍ണിയക്കടുത്ത് കോസ്റ്റാ മെസ്സായില്‍ ഞായറാഴ്ച രാത്രി 7.40 ഓടെയാണ് സംഭവം നടന്നത്. വാന്‍ ന്യൂസില്‍ നിന്നും സാന്റിയാഗോയിലേക്ക് പോവുകയായിരുന്ന ബീച്ച് ജി33 എന്ന ചെറു സ്വകാര്യ വിമാനത്തിനെയാണ് കോസ്റ്റാ മെസ്സായിലെ 55 ഫ്രീവേയില്‍ അത്ഭുതകരമായി ലാന്‍ഡ് ചെയ്യിച്ചത്.എഞ്ചിന്‍ തകരാറായതും മേഖലയിലെ കടുത്ത കാറ്റുമാണ് വിമാനം ഹൈവേയിലിറക്കാന്‍ പൈലറ്റിനെ നിര്‍ബന്ധിതനാക്കിയത്. ഇസ്സി സ്ലോഡ് എന്ന പൈലറ്റും അദ്ദേഹത്തിന്റെ സുഹൃത്തായ ഡാനിയല്‍ ഗ്രോസ്സും മാത്രമേ ആ സമയം വിമാനത്തിലുണ്ടായിരുന്നുള്ളു.
തൊട്ടടുത്തുള്ള ജോണ്‍ വെയ്ന്‍ വിമാനത്താവളത്തിലോ ബീച്ചിലോ ഇറക്കാനായിരുന്നു സ്ലോഡ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ എഞ്ചിന്‍ തകരാറിനൊപ്പം കടുത്ത കാറ്റും വീശിയടിച്ചതോടെ ഹൈവേയിലേക്ക് ഇറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. ആ സമയം ഹൈവേയില്‍ വാഹനങ്ങള്‍ ഒന്നും വരാഞ്ഞതും വന്‍ അപകടം ഒഴിവാക്കി.സ്ലോഡ് വളരെ അനുഭവ സമ്പത്തുള്ള പൈലറ്റാണെന്ന് അദ്ദേഹത്തിന്റെ ഏജന്‍സി വ്യക്തമാക്കി. അതേ സമയം ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here