കൂട്ടക്കൊലയില്‍ കുറ്റം സമ്മതിച്ച് സൗമ്യ

തലശ്ശേരി : പിണറായിയില്‍ ഒരു കുടുംബത്തിലെ 3 പേര്‍ അടിക്കടി മരണപ്പെട്ട സംഭവത്തില്‍ വീട്ടമ്മ സൗമ്യ അറസ്റ്റില്‍. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. 11 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. വഴിവിട്ട ബന്ധത്തിലുള്ള തടസം നീക്കാനായിരുന്നു കൊലപാതകമെന്ന് സൗമ്യ മൊഴി നല്‍കി.

മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്മയ്ക്ക് മീന്‍കറിയിലും എലിവിഷം നല്‍കുകയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ മൂത്തമകള്‍ മരിച്ച ശേഷം കിണറ്റിലെ വെള്ളം പരിശോധിച്ചതായി സൗമ്യ സമീപവാസികളോട് പറഞ്ഞിരുന്നു.

ഒരു യുവാവിന്റെ സഹായത്താല്‍ വെള്ളം പരിശോധിച്ചിപ്പിച്ചെന്നും അമോണിയയുടെ അംശം കണ്ടെത്തിയെന്നുമായിരുന്നു പറഞ്ഞിരുന്നത്. ഇതിന് ശേഷമാണ് മാതാപിതാക്കള്‍ മരണപ്പെടുന്നത്.

തുടര്‍ന്ന് ഇവിടത്തെയും സമീപ വീടുകളിലെയും കിണര്‍വെള്ളം ജല അതോറിറ്റി പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഇതോടെ അമോണിയം പ്രചരണത്തില്‍ പൊലീസിന് കല്ലുകടി തോന്നി.

സൗമ്യയ്ക്ക് ഛര്‍ദി പിടിപെട്ടപ്പോള്‍ അയല്‍വാസികളാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലേക്ക് പോകുംവഴി സൗമ്യ മൊബൈലില്‍ വീഡിയോ ചാറ്റ് നടത്തിയതായി പൊലീസിന് മൊഴി ലഭിച്ചു. ഇതോടെയാണ് അന്വേഷണം സൗമ്യയിലേക്ക് കേന്ദ്രീകരിക്കുന്നത്.

യുവതിയുമായി ബന്ധമുള്ള 4 യുവാക്കള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവരാണ് ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ചത്.

2012 സെപ്റ്റംബര്‍ 9 നായിരുന്നു കീര്‍ത്തനയുടെ മരണം. എന്നാല്‍ ഇത് സ്വാഭാവിക മരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആറുവര്‍ഷങ്ങള്‍ക്ക് ശേഷം ജനുവരി 31 ന് ഐശ്വര്യയും മരിച്ചു.കമല മാര്‍ച്ച് 7 നും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13 നുമാണ് മരിച്ചത്. ഇതോടെയാണ് സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയത്.

ഇതോടെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുന്നത്. വിഷം ഉള്ളില്‍ച്ചെന്നാണ് സൗമ്യയുടെ അച്ഛനും അമ്മയും മരണപ്പെട്ടതെന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം പുറത്തുവന്നിരുന്നു. അലൂമിനിയം ഫോസ്‌ഫൈഡിന്റെ സാന്നിധ്യമാണ് ഇവരില്‍ കണ്ടെത്തിയത്.

എട്ടുവയസ്സുകാരി ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുകയും ചെയ്തതോടെ കൊലപാതകം ചുരുളഴിഞ്ഞു. തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ ഇതോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി രഘുരാമനാണ് അന്വേഷണച്ചുമതല. ശര്‍ദിയെ തുടര്‍ന്നാണ് നാലുപേരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നത്.

കീര്‍ത്തനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നില്ല. എന്നാല്‍ കമല മരണപ്പെട്ടപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കി. പക്ഷേ അന്ന് അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here