കാമുകന്‍മാര്‍ക്ക് പങ്കില്ലെന്ന്‌ പൊലീസ്

തലശ്ശേരി : ഒരു കുടുംബത്തിലെ മൂന്നുപേരെ വിഷം നല്‍കി കൊലപ്പെടുത്തിയതില്‍ വീട്ടുകാരി സൗമ്യയ്ക്കല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്ന് സൂചന. കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് യുവതി തനിച്ചാണെന്നാണ് പൊലീസിന്റെ ഇതുവരെയുള്ള കണ്ടെത്തല്‍.

യുവതിയുമായി ബന്ധമുള്ള മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തെങ്കിലും രണ്ടുപേരെ വിട്ടയച്ചു. ഒരാള്‍ ഇപ്പോഴും കസ്റ്റഡിയിലുണ്ട്. ഇവര്‍ക്ക് സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെങ്കിലും കൊലപാതകങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ നിഗമനം.

യുവതിയെ പടന്നക്കരയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. വന്‍ ജനക്കൂട്ടമാണ് ഇവിടെ തടിച്ചുകൂടിയത്. സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, സൗമ്യയുടെ മക്കളായ ഐശ്വര്യ,എന്നിവരാണ് ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ചത്.

കമല മാര്‍ച്ച് 7 നും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13 നുമാണ് മരിച്ചത്.11 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. വഴിവിട്ട ബന്ധത്തിലുള്ള തടസം നീക്കാനായിരുന്നു കൊലപാതകമെന്ന് സൗമ്യ മൊഴി നല്‍കിയിട്ടുണ്ട്.

ലൈംഗിക ബന്ധം മകള്‍ നേരിട്ടുകണ്ടതാണ് മൂത്തകുട്ടിയെ കൊലപ്പെടുത്താന്‍ കാരണമായത്. ഇത് പിടിക്കപ്പെടാതായതോടെയാണ് മാതാപിതാക്കളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. വഴിവിട്ട ബന്ധങ്ങള്‍ക്ക് മാതാപിതാക്കള്‍ തടസമാകുമെന്ന് തോന്നിയതോടെയായിരുന്നു ഇതെന്നും സൗമ്യ മൊഴിനല്‍കിയിട്ടുണ്ട്.

മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്മയ്ക്ക് മീന്‍കറിയിലും എലിവിഷം നല്‍കുകയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ മൂത്തമകള്‍ മരിച്ച ശേഷം കിണറ്റിലെ വെള്ളം പരിശോധിച്ചതായി സൗമ്യ സമീപ വാസികളോട് പറഞ്ഞിരുന്നു.

ഒരു യുവാവിന്റെ സഹായത്താല്‍ വെള്ളം പരിശോധിച്ചിപ്പിച്ചെന്നും അമോണിയയുടെ അംശം കണ്ടെത്തിയെന്നുമായിരുന്നു പറഞ്ഞിരുന്നത്. ഇതിന് ശേഷമാണ് മാതാപിതാക്കള്‍ മരണപ്പെടുന്നത്.

തുടര്‍ന്ന് ഇവിടത്തെയും സമീപ വീടുകളിലെയും കിണര്‍വെള്ളം ജല അതോറിറ്റി പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഇതോടെ അമോണിയം പ്രചരണത്തില്‍ പൊലീസിന് കല്ലുകടി തോന്നി.

സൗമ്യയ്ക്ക് ഛര്‍ദി പിടിപെട്ടപ്പോള്‍ അയല്‍വാസികളാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലേക്ക് പോകുംവഴി സൗമ്യ മൊബൈലില്‍ വീഡിയോ ചാറ്റ് നടത്തിയതായി പൊലീസിന് മൊഴി ലഭിച്ചു.

ഇതോടെയാണ് അന്വേഷണം സൗമ്യയിലേക്ക് കേന്ദ്രീകരിക്കുന്നത്. വിഷം ഉള്ളില്‍ച്ചെന്നാണ് സൗമ്യയുടെ അച്ഛനും അമ്മയും മരണപ്പെട്ടതെന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം പുറത്തുവന്നിരുന്നു.

അലൂമിനിയം ഫോസ്‌ഫൈഡിന്റെ സാന്നിധ്യമാണ് ഇവരില്‍ കണ്ടെത്തിയത്. എട്ടുവയസ്സുകാരി ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുകയും ചെയ്തതോടെ കൊലപാതകം ചുരുളഴിഞ്ഞു.

തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ ഇതോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി രഘുരാമനാണ് അന്വേഷണച്ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here