കടക്ക് പുറത്തെന്ന് പറഞ്ഞതാരെന്ന് ചോദ്യം

കോഴിക്കോട്: കടക്ക് പുറത്ത് എന്ന പറഞ്ഞതാര്? ഒരു ദേശീയ സെമിനാറിനിടെ ലോ കോളേജ് അധ്യാപിക ചോദിച്ച ചോദ്യമാണ് ഇത്. കോഴിക്കോട് ഗവ. ലോ കോളേജില്‍ നടന്ന ദേശീയ സെമിനാറില്‍ സെന്‍സര്‍ഷിപ്പും മാധ്യമങ്ങളും എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനിടെയാണ് സംഭവം.

അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എ.കെ. മറിയാമ്മ ചോദിച്ച അഞ്ച് ചോദ്യങ്ങളില്‍ നാലാമത്തെ ചോദ്യം ‘കടക്ക് പുറത്ത്’ എന്നുപറഞ്ഞത് ആരാണെന്നായിരുന്നു. പിണറായി വിജയന്‍ എന്ന് ഉത്തരം പറഞ്ഞ വിദ്യാര്‍ഥിക്ക് അധ്യാപിക മിഠായിയും നല്‍കി.

അതേസമയം വിഷയത്തില്‍ എസ്.എഫ്.ഐ. നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ ചീഫ് സെക്രട്ടറിക്കും ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സിലിനും പരാതി നല്‍കി. ആദ്യത്തെ നാല് ചോദ്യങ്ങള്‍ പൊതുവിജ്ഞാനവും മാധ്യമചരിത്രവുമായി ബന്ധപ്പെട്ടതായിരുന്നു.

അധ്യാപികയുടെ ഈ പ്രവൃത്തി സര്‍ക്കാരിനെയും ഭരണാധികാരികളെയും താറടിച്ചുകാണിക്കാനുള്ള ശ്രമമാണെന്ന് കാണിച്ചാണ് കോളേജ് യൂണിയന്‍ ചൊവ്വാഴ്ച ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്.

അതേസമയം സര്‍ക്കാരിനെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് അധ്യാപിക നടത്തിയതെന്നും കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എസ്. ആഷിഷ് പറഞ്ഞു.

സി.പി.എം-ബി.ജെ.പി. സംഘര്‍ഷത്തെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ തലസ്ഥാനത്ത് വിളിച്ചുചേര്‍ത്ത സമാധാന യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് മുഖ്യമന്ത്രി ‘കടക്ക് പുറത്ത്’ എന്നുപറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here