കഫീല്‍ ഖാന് മുഖ്യമന്ത്രിയുടെ അനുമതി

കോഴിക്കോട് :നിപ്പാ വൈറസ് ബാധിത മേഖലകളില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന ഡോ.കഫീല്‍ ഖാന്റെ അഭ്യര്‍ത്ഥനയ്ക്ക് അനുമതി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കഫീല്‍ ഖാന് കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കുന്നതിലുള്ള സന്തോഷം മുഖ്യമന്ത്രി പ്രകടിപ്പിച്ചത്.

വൈദ്യശാസ്ത്രരംഗത്ത് സ്വന്തം ആരോഗ്യമോ ജീവന്‍പോലുമോ പരിഗണിക്കാതെ അര്‍പ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ധാരാളം ഡോക്ടര്‍മാരുണ്ട്. അവരില്‍ ഒരാളായാണ് ഞാന്‍ ഡോ. കഫീല്‍ഖാനെയും കാണുന്നതെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

ഡോ. കഫീല്‍ഖാനെപ്പോലെയുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളൂ, കൂടാതെ ധാരാളം ഡോക്ടര്‍മാര്‍ ഇത്തരത്തില്‍ സ്വയം സന്നദ്ധരായി മുന്നോട്ട് വരാന്‍ തയ്യാറായിട്ടുണ്ടെന്നും അത്തരത്തിലുള്ളവര്‍ ആരോഗ്യവകുപ്പ് ഡയറക്ടറുമായോ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടുമായോ ബന്ധപ്പെടണമെന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

ഗോരഖ്പൂരില്‍ മസ്തിഷ്‌ക വീക്കം ബാധിച്ച പിഞ്ചു കുട്ടികളുടെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടിയുള്ള ശ്രമത്തിനിടയിലാണ് കഫീല്‍ ഖാന്‍ ജയിലിലടയ്ക്കപ്പെടുന്നത്. ഭരണകൂട അനാസ്ഥ മറച്ചു പിടിക്കുവാന്‍ കഫീല്‍ ഖാന്‍ അടക്കമുള്ള ഏതാനും ഡോക്ടര്‍മാരെ അധികാരികള്‍ എട്ടു മാസത്തോളം ജാമ്യം  പോലും നല്‍കാതെ  ജയിലിലടയ്ക്കുകയായിരുന്നു. കഴിഞ്ഞ മാസം ജയില്‍ മോചിതനായ കഫീല്‍ ഖാന്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനോട് പേരാമ്പ്ര മേഖലയില്‍ സേവനം നടത്തുവാനുള്ള അനുമതി തരണമെന്ന അഭ്യര്‍ത്ഥന നടത്തിയത്.

‘ ഫജര്‍ നമസ്‌കാരത്തിന് ശേഷം ഉറങ്ങാന്‍ കിടന്നെങ്കിലും തനിക്കതിന് കഴിയുന്നുണ്ടായിരുന്നില്ല. നിപ്പാ വൈറസ് ബാധമൂലം കേരളത്തില്‍ ഉണ്ടാകുന്ന മരണങ്ങളും വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കിംവദന്തികളുമായിരുന്നു തന്നെ അസ്വസ്ഥമാക്കാന്‍ കാരണമായത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള പാവങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് തന്നെ മെഡിക്കല്‍ കോളേജില്‍ സേവനം അനുഷ്ടിക്കാന്‍ അനുവദിക്കണം.
സിസ്റ്റര്‍ ലിനി ഒരു പ്രചോദനമാണ്. മഹനീയമായ ഒരു കാര്യത്തിനായി എന്റെ ജീവിതം നല്‍കുന്നതിന് അതിയായ സന്തോഷമാണുള്ളത്. അതിനുള്ള അറിവും കരുത്തും കഴിവും അല്ലാഹു എനിക്ക് നല്‍കട്ടെ എന്നും കഫീല്‍ കുറിച്ചു.
ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

നിപ്പ വൈറസ്ബാധ കണ്ടെത്തിയ കോഴിക്കോട് ജില്ലയില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധനാന്നെന്നും അതിന് തനിക്ക് അവസരം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ച യു.പി.യിലെ ഡോക്ടര്‍ കഫീല്‍ഖാന്‍റെ സമൂഹമാധ്യമത്തിലെ സന്ദേശം കാണാനിടയായി. വൈദ്യശാസ്ത്രരംഗത്ത് സ്വന്തം ആരോഗ്യമോ ജീവന്‍പോലുമോ പരിഗണിക്കാതെ അര്‍പ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ധാരാളം ഡോക്ടര്‍മാരുണ്ട്. അവരില്‍ ഒരാളായാണ് ഞാന്‍ ഡോ. കഫീല്‍ഖാനെയും കാണുന്നത്. സഹജീവികളോടുള്ള സ്നേഹമാണ് അവര്‍ക്ക് എല്ലാറ്റിലും വലുത്.

കോഴിക്കോട് ജില്ലയില്‍ പേരാമ്പ്രക്കടുത്ത് ചില സ്ഥലങ്ങളില്‍ നിപ്പ വൈറസ് ബാധയുണ്ടായ സാഹചര്യത്തില്‍ രോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ സ്വയം സന്നദ്ധരായി ധാരാളംപേര്‍ രംഗത്തു വന്നിട്ടുണ്ട്. അവരില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമുണ്ട്. ഡോ. കഫീല്‍ഖാനെപ്പോലെയുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളൂ. അങ്ങനെയുള്ള ഡോക്ടര്‍മാരും വിദഗ്ധരും ആരോഗ്യവകുപ്പ് ഡയറക്ടറുമായോ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടുമായോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തിന് പുറത്തു ജോലിചെയ്യുന്ന മലയാളികളായ ചില പ്രഗത്ഭ ഡോക്ടര്‍മാര്‍ ഇതിനകം തന്നെ കോഴിക്കോട്ടെത്തിയിട്ടുണ്ട്. അവരോടെല്ലാം കേരള സമൂഹത്തിന് വേണ്ടി നന്ദി അറിയിക്കുന്നു.

നിപ്പ വൈറസ്ബാധ കണ്ടെത്തിയ കോഴിക്കോട് ജില്ലയില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധനാന്നെന്നും അതിന് തനിക്ക് അവസരം നല്‍കണമെന്നും…

Pinarayi Vijayanさんの投稿 2018年5月21日(月)

LEAVE A REPLY

Please enter your comment!
Please enter your name here