വെള്ളിത്തരയില്‍ മുഖം കാണിച്ച് പ്രവാസി മലയാളി

അബുദാബി :സിനിമയില്‍ ഒന്ന് മുഖം കാണിക്കുവാനെങ്കിലും ആഗ്രഹിക്കുന്നവരാണ് സമൂഹത്തിലെ ഭൂരിഭാഗം പേരും. വലുതാകുമ്പോള്‍ താനുമൊരു സിനിമാക്കാരനാകുമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ആഗ്രഹം സത്യമുള്ളതാണെങ്കില്‍ ഈ ലോകത്ത് എവിടെ പോയി താമസിച്ചാലും ഒരു നാള്‍ അവസരങ്ങള്‍ നമ്മെ തേടി വരും എന്നതിനുള്ള ഉത്തമ ഉദാഹരണമായി മാറുകയാണ് കൊല്ലം സ്വദേശിയായ പ്രവാസി മലയാളി പിങ്കു പിള്ളയുടെ ജീവത കഥ.

അബുദാബിയില്‍ സിവില്‍ എഞ്ചിനിയറായി ജോലി നോക്കുന്ന പിങ്കുവിന് കുട്ടിക്കാലം മുതലെ സിനിമയില്‍ അഭിനയിക്കാന്‍ വലിയ ആഗ്രഹമായിരുന്നു. ഇതിനിടയില്‍ തന്റെ 13 ാം വയസ്സില്‍ ഒരു സീരിയലില്‍ അഭിനയിക്കാന്‍ അവസരവും ലഭിച്ചു. എന്നാല്‍ പഠിത്തം ആദ്യമെന്ന് വീട്ടുകാരുടെ വിലക്കിന് മേല്‍ ആ സീരിയല്‍ മോഹം അടഞ്ഞു. എങ്കിലും സ്‌കൂളിലേയും കോളജിലേയും നാടകങ്ങളിലും സ്‌കിറ്റുകളിലും പിങ്കു തന്റെ അഭിനയം തുടര്‍ന്നു. ആല്‍ബങ്ങളും ഡോക്യുമെന്ററികളും ചെയ്തു. ഇതിനിടയിലും വിവിധ സിനിമാ പ്രവര്‍ത്തകരെ കണ്ട് ചാന്‍സ് അന്വേഷിച്ച് നടക്കാന്‍ തുടങ്ങി.

അവസാനം ജീവിതം ഒരു വലിയ ചോദ്യ ചിഹ്നമായി മുന്നിലെത്തിയപ്പോള്‍ 2003 ല്‍ പിങ്കു പ്രവാസ ലോകത്തേക്ക് പറന്നു. എന്നാലും തന്റെ സ്വപ്‌നങ്ങളെയും പിങ്കു കൂടെ കൂട്ടിയിരുന്നു. ചെറിയ ചില വേദികളില്‍ നാടകവും സ്‌കിറ്റുമൊക്കെയായി അരങ്ങു തകര്‍ത്തു ജീവിതം മുന്നോട്ട് കൊണ്ടു പോയി. ഇതിനിടയില്‍ കല്ല്യാണവും കഴിച്ചു. രണ്ട് കുട്ടികളുടെ അച്ഛനുമായി. കഴിഞ്ഞ വര്‍ഷമാണ് ദുബായില്‍, സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ‘കുട്ടന്‍ പിള്ളയുടെ ശിവരാത്രി’ എന്ന മലയാള സിനിമയുടെ ഓഡീഷന്‍ നടക്കുന്നുണ്ടെന്ന കാര്യം സുഹൃത്തുക്കളില്‍ നിന്നും അറിഞ്ഞത്. സുഹൃത്തുക്കളുടെ പ്രോത്സാഹനത്തില്‍ ഒഡീഷനില്‍ പങ്കെടുത്തു.

2000 ത്തിലധികം മലയാളി പ്രവാസികള്‍ ഓഡീഷനായി എത്തിച്ചേര്‍ന്നിരുന്നു. ഒടുവില്‍ ഈ രണ്ടായിരം പേരില്‍ നിന്നും അണിയറ പ്രവര്‍ത്തകര്‍ തിരഞ്ഞെടുത്തവരില്‍ പിങ്കുവിന്റെ പേരും ഉള്‍പ്പെട്ടു. മാത്രമല്ല മറ്റൊരു സര്‍പ്രൈസ് കൂടിയുണ്ടായി. ഇദ്ദേഹത്തിന്റെ മകന്‍ അര്‍ജ്ജുനും ചിത്രത്തില്‍ വേഷം ലഭിച്ചു.

ഇത് ഈ കുടുംബത്തിന് ഇരട്ടി സന്തോഷം നല്‍കുന്നു. മെയ് 11 നാണ് കുട്ടന്‍പിള്ളയുടെ ശിവരാത്രി റിലീസാവുന്നത്. ചിത്രത്തില്‍ സുരാജിന്റെ അടുത്ത ബന്ധുവിന്റെ വേഷമാണ് പിങ്കു കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു പൊലീസ് കോണ്‍സ്റ്റബളിന്റെ വേഷത്തിലാണ് സുരാജ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. തനിക്ക് ഇത്രയും പ്രോത്സാഹനവും പിന്തുണയും നല്‍കുന്നതില്‍ ഭാര്യ രഞ്ജിനി പിള്ളയ്ക്കും മൂത്ത മകന്‍ ആദിത്യ കൃഷ്ണയ്ക്കും നന്ദി പറയാനും പിങ്കു പിള്ള മറന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here