മുസ്‌ലീം യുവാക്കളോട് മോദി

ഡല്‍ഹി :മുസ്‌ലിം യുവാക്കള്‍ ഒരു കയ്യില്‍ കമ്പ്യൂട്ടറും മറു കയ്യില്‍ ഖുറാനുമേന്തി ജീവിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്‌ലാമിക പൈതൃകവും പ്രചരണവും സംബന്ധിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ പങ്കെടുക്കവെയാണ് മോദി ഇക്കാര്യം സൂചിപ്പിച്ചത്.

ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനും ചടങ്ങില്‍ സന്നിഹിതനായിരുന്നു. തീവ്രവാദത്തിനെതിരായുള്ള യുദ്ധം ഒരിക്കലും ഒരു മതത്തിനും എതിരല്ലെന്നും യുവാക്കളെ വഴിതെറ്റിക്കുന്ന തെറ്റായ ആശയങ്ങള്‍ക്ക് എതിരാണെന്നും ചടങ്ങില്‍ മോദി പറഞ്ഞു.

ലോകത്തിലെ ഭൂരിഭാഗം മതങ്ങളുടെയും ജന്മഭൂമിയാണ് ഭാരതം, ഇന്ത്യയിലെ ജനാധിപത്യം വൈവിധ്യങ്ങളെ ആഘോഷമാക്കുന്നതാണ്, ഇസ്‌ലാമിലെ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതിനൊപ്പം തന്നെ ആധുനിക സാങ്കേതിക വിദ്യയേയും മുസ്‌ലീം യുവാക്കള്‍ തങ്ങളിലേക്ക് ചേര്‍ത്ത് നിര്‍ത്തണം.

അതിനായി മുസ്‌ലീം യുവാക്കള്‍ ഒരു കയ്യില്‍ കമ്പ്യൂട്ടറും മറു കയ്യില്‍ ഖുറാനുമേന്തി ജീവിക്കണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു. മതത്തിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങള്‍ മതത്തിന് നേര്‍ക്ക് തന്നെയുള്ള ആക്രമണങ്ങള്‍ ആണെന്ന്
ജോര്‍ദ്ദാന്‍ രാജാവ് അഭിപ്രായപ്പെട്ടു.

മതത്തിന്റെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയാനും അകറ്റി നിര്‍ത്താനും കഴിയണമെന്നും ജോര്‍ദ്ദാന്‍ രാജാവ് അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here