പരസ്പരം ഹസ്തദാനം നല്‍കി ഇന്ത്യയും പാക്കിസ്ഥാനും

ബീജിംങ് :ഹസ്തദാനം നല്‍കി പരസ്പരം സംസാരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രസിഡണ്ട് മമ്‌നൂര്‍ ഹുസൈനും. ചൈനയിലെ ക്വിങ്‌ദ്വോവില്‍ വെച്ച് നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ വേദിയില്‍ വെച്ചാണ് ഇരുവരും കണ്ടു മുട്ടിയത്.

ഉച്ചകോടിയില്‍ പങ്കെടുത്ത മുഴുവന്‍ രാജ്യത്തലവന്‍മാരുടെയും സംയുക്ത വാര്‍ത്താ സമ്മേളനത്തിന് ശേഷമായിരുന്നു ഇരുവരും സംസാരിച്ചത്. ചൈനീസ് പ്രസിഡണ്ട് ഷീ ജിംഗ് പിങ്ങുമായി മോദി വേദിയില്‍ വെച്ച് സംസാരിക്കുന്നതിനിടെയാണ് പാക്കിസ്ഥാന്‍ പ്രസിഡണ്ട് ഇവര്‍ക്ക് അരികിലേക്ക് വന്നത്.

ഉടന്‍ തന്നെ ഇരുവരും ഹസ്തദാനം നടത്തുകയും പരസ്പരം കുശലം പങ്കിടുകയുമായിരുന്നു. 2016 ല്‍ ജമ്മു കാശ്മീരിലെ ഉറിയില്‍ പാക്കിസ്ഥാന്‍ നടത്തിയ ഭീകരാക്രമണത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. ഈ സംഭവത്തിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും ഇതുവരെ ഒരുമിച്ച് വേദി പങ്കിടുവാന്‍ തയ്യാറായിരുന്നില്ല.

ഇസ്ലാമാബാദില്‍ വെച്ചു നടത്തിയ 19 ാമത് സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ വിട്ടു നിന്നതും ഏറെ വാര്‍ത്തയായിരുന്നു. ഇന്ത്യയേയും പാക്കിസ്ഥാനേയും പൂര്‍ണ്ണ അംഗത്വത്തോടെ ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ എത്തിക്കുവാന്‍ കഴിഞ്ഞത് ചരിത്ര നേട്ടമെന്നാണ് ചൈനീസ് പ്രസിഡണ്ട് ഷീ ജിംഗ് പിങ് വിശേഷിപ്പിച്ചത്. ഭീകരതയ്‌ക്കെതിരെ കൂട്ടായ പ്രവര്‍ത്തനം വേണമെന്നും ഷീ ജിംഗ് പിങ് ആവശ്യപ്പെട്ടു. അതേസമയം ഉച്ചകോടിയില്‍ പങ്കെടുത്ത ആറോളം രാജ്യങ്ങളുമായി ഉഭയകക്ഷി ചര്‍ച്ചയും മോദിയും സംഘവും നടത്തും. എന്നാല്‍ പാക്കിസ്ഥാനുമായുള്ള ഉഭയക്ഷി ചര്‍ച്ച അജണ്ടയിലില്ല.

LEAVE A REPLY

Please enter your comment!
Please enter your name here