പൊലീസ് സ്റ്റേഷനില്‍ കല്ല്യാണ മേളം

ബാരാബക്കി :കുതിരപ്പുറത്ത് കയറി യുവാവ് ചെന്നത് പൊലീസ് സ്റ്റേഷനിലേക്ക്. ഒടുവില്‍ അവിടെ വെച്ച് യുവാവിന്റെയും കാമുകിയുടെയും വിവാഹവും നടന്നു. ഉത്തര്‍പ്രദേശിലെ ബാരാബക്കി ജില്ലയിലാണ് ഈ വിചിത്രമായ വിവാഹം നടന്നത്. ബാരാബക്കി സ്വദേശികളായ വിനയ് കുമാറും നേഹയുമാണ് പൊലീസ് സ്‌റ്റേഷനില്‍ വെച്ച് വിവാഹം കഴിച്ച് വാര്‍ത്തകളില്‍ ഇടം നേടിയത്.

വിനയും നേഹയും ഒരേ പ്രദേശവാസികളാണ്. ഇവര്‍ തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലുമായിരുന്നു. എന്നാല്‍ ഇരുവരുടെയും വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് നേഹയും വിനയും ഗ്രാമത്തില്‍ നിന്നും ഒളിച്ചോടി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇവരെ കണ്ടെത്തി.

തങ്ങള്‍ ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വീട്ടിലേക്ക് തിരിച്ച് അയക്കരുതെന്നും ഇവര്‍ പൊലീസുകാരോട് അപേക്ഷിച്ചു. ഇതോടെ പൊലീസ് സ്റ്റേഷനില്‍ വെച്ച് തന്നെ വിവാഹം നടത്തി കൊടുക്കുവാന്‍ അധികാരികള്‍ തീരുമാനിച്ചു. ബന്ധുക്കളെയും പൊലീസുകാര്‍ ചടങ്ങിന് ക്ഷണിച്ചിരുന്നു.

കുതിരപ്പുറത്ത് കയറി വിവാഹ വേഷത്തില്‍ വിനയ് പൊലീസ് സ്‌റ്റേഷനിലെത്തി. വിവാഹ വേഷത്തില്‍ നേഹയെ പൊലീസുകാര്‍ സ്റ്റേഷനില്‍ ഒരുക്കി നിര്‍ത്തിയിരുന്നു.
ശേഷം പൊലീസ് ഉദ്യോഗസ്ഥന്‍മാരുടെയും ബന്ധുക്കളുടെയും ആശിര്‍വാദത്തോടെ ഇരുവരുടെയും വിവാഹം മംഗളമായി നടന്നു.

കടപ്പാട് : ANI

LEAVE A REPLY

Please enter your comment!
Please enter your name here