ഹര്‍ത്താലിന്റെ ഉറവിടം കണ്ടെത്തി

തിരൂര്‍ :അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നിലെ ഉറവിടം കണ്ടെത്താനിറങ്ങിയ പൊലീസ് ഒടുവില്‍ ചെന്നെത്തിയത് ഒരു 16 കാരനില്‍. മലപ്പുറം തിരൂര്‍ സ്വദേശിയായ ഈ 16 കാരനാണ് സമൂഹ മാധ്യമങ്ങള്‍ വഴി ഹര്‍ത്താല്‍ പ്രഖ്യാപനത്തിന് തുടക്കമിട്ടതെന്നാണ് പൊലീസ് കണ്ടെത്തല്‍.

തുടര്‍ന്ന് പതിനാറ്കാരന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ഫോണ്‍ സൈബര്‍ സെല്‍ പരിശോധിച്ച് വരികയാണ്. ‘വോയിസ് ഓഫ് ട്രൂത്ത്’ എന്ന പേരിലുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും പുറത്ത് വന്ന ആഹ്വാനങ്ങളാണ് ഹര്‍ത്താലിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇതേ പേരിലുള്ള നാല് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നാണ് ഹര്‍ത്താല്‍ സന്ദേശം പ്രചരിച്ചിരിക്കുന്നത്.

ഈ ഗ്രൂപ്പുകളുടെ അഡ്മിനാണ് അറസ്റ്റിലായ ബാലന്‍. അതേസമയം 16 കാരനെ പ്രതിയാക്കി യഥാര്‍ത്ഥ പ്രതികള്‍ മറഞ്ഞിരിക്കുകയാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ഇതിനോടകം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ നാല് പേര്‍ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികളാണ്.

സംഭവത്തെ തുടര്‍ന്ന് നാനൂറിലധികം വാട്‌സാപ്പ് ഗ്രൂപ്പുകള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ പ്രതികരണമാണ് സമൂഹ മാധ്യമങ്ങള്‍ വഴി ഉണ്ടായതെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇത്രയും വലിയ തോതിലൂള്ള പ്രതിഷേധങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അറസ്റ്റിലായവരുടെ മൊഴി. കത്‌വാ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്നാണ് കേരളത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച അപ്രഖ്യാപിത ഹര്‍ത്താല്‍ അരങ്ങേറിയത്.

സമൂഹ മാധ്യമ കൂട്ടായ്മകള്‍ വഴി പിറവിയെടുത്ത ഹര്‍ത്താല്‍ എന്ന് സ്വയം കൊട്ടിഘോഷിച്ച സമരാനുകൂലികള്‍ വ്യാപക അക്രമണമാണ് സംസ്ഥാനത്തെ ഒട്ടു മിക്ക ജില്ലകളിലും നടത്തിയത്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ത്തു. ഇതിനെ തുടര്‍ന്നാണ് പൊലീസ് സമരത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ദിവസങ്ങളോളം സമൂഹ മാധ്യമത്തില്‍ രഹസ്യമായി നടത്തിയ ആസൂത്രണത്തിന്റെ ഭാഗമായാണ് ഹര്‍ത്താല്‍ നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള നിരവധി യുവാക്കള്‍ ഇപ്പോഴും ചോദ്യം ചെയ്യലിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here