കാര്‍ യാത്രക്കാരന്റെ മൂക്ക് ഇടിച്ച് തകര്‍ത്ത് പൊലീസ്

കോട്ടക്കല്‍: ഗവര്‍ണര്‍ പി സദാശിവത്തിന്റെ വാഹനം കടന്നുപോകുന്നതിന് വഴിയൊരുക്കുന്നതിനിടെ കാര്‍ഡ്രൈവറെ പൊലീസ് നടുറോഡില്‍ മര്‍ദിച്ചു. ഗവര്‍ണര്‍ക്ക് വഴിയൊരുക്കി കൊടുത്ത കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ യാണ് കാര്‍ ഡ്രൈവര്‍ കെ. ആര്‍. ജനാര്‍ദ്ദന (69) ന്റെ മൂക്കിന് ഇടിച്ച് പരുക്കേല്‍പ്പിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയ്ക്കല്‍ അല്‍മാസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് കോട്ടക്കല്‍ ടൗണില്‍ ആണ് സംഭവം. കാറുമായി പോകുന്നതിനിടെ ജനാര്‍ദനന്‍ ഗവര്‍ണറുടെ പൈലറ്റ് വാഹനത്തിന്റെ സൈറണ്‍ കേട്ട് കാര്‍ ഒതുക്കിയിട്ടിരുന്നു. ഗവര്‍ണറുടെ വാഹനം എത്താറായപ്പോള്‍ കാര്‍ കഴിയാവുന്നത്ര വശത്തേക്ക് മാറ്റിനിര്‍ത്തി.

ഗവര്‍ണര്‍ പോയി കാറെടുക്കാനൊരുങ്ങുമ്പോള്‍ ഒരു പോലീസുകാരന്‍ ആക്രോശിച്ചുകൊണ്ട് വന്നു, എന്തെടാ നിനക്ക് വണ്ടി സൈഡാക്കാനൊന്നും അറിയില്ലേ എന്ന് ചോദിച്ച് മുഷ്ടിചുരുട്ടി മൂക്കിനിട്ട് ഇടിച്ചുവെന്ന് അദ്ദേഹം പറയുന്നു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് ജനാര്‍ദ്ദനന്‍ പരാതി നല്‍കി.

എന്നാല്‍ കാര്‍ യാത്രികനെ ഇടിച്ചിട്ടില്ലെന്നും കൈ തട്ടിയതാണ് മൂക്ക് മുറിയാന്‍ കാരണമെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം. ജനാര്‍ദ്ദനന്റെ മൂക്കില്‍നിന്ന് രക്തം വരുന്നതുകണ്ട് പോലീസ് വാഹനത്തില്‍ത്തന്നെയാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ എത്തിച്ചതെന്നും കോട്ടയ്ക്കല്‍ പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here