പ്രതികളുടെ ശബ്ദരേഖകള്‍ പൊലീസിന്

തിരൂര്‍ :അപ്രഖ്യാപിത ഹര്‍ത്താലിന് സമൂഹ മാധ്യമങ്ങള്‍ വഴി നേതൃത്വം നല്‍കിയ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരുടെ ശബ്ദ സന്ദേശം പൊലീസിന് ലഭിച്ചു. ‘പൊലീസിനേക്കാള്‍ അംഗബലം ഉണ്ടെങ്കില്‍ നമുക്ക് എവിടേയും ഹര്‍ത്താല്‍ നടത്താമെന്നതടക്കമുള്ള’ പ്രകോപനപരമായ സന്ദേശങ്ങളാണ് പ്രതികളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുള്ളത്. അപ്രഖ്യാപിത ഹര്‍ത്താലിന് സമൂഹ മാധ്യമത്തിലൂടെ ആഹ്വാനം ചെയ്തു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് തിരുവനന്തപുരം കൊല്ലം ഭാഗത്ത് നിന്നും അഞ്ച് പേര്‍ അറസ്റ്റിലായത്.

തെന്മല സ്വദേശി അമര്‍നാഥ് ബൈജു, തിരുവനന്തപുരം സ്വദേശി എം ജെ സിറിള്‍, നെല്ലിവിള സ്വദേശി സുധീഷ്, ഗോകുല്‍, അഖില്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ തെന്മല സ്വദേശി അമര്‍നാഥ് ബൈജുവാണ് ഹര്‍ത്താല്‍ ആഹ്വാനത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അംഗബലം കൂട്ടി ഹര്‍ത്താല്‍ നടത്താമെന്ന ആവശ്യം മുന്നോട്ട് വെച്ചതും അമര്‍നാഥ് ആണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മാത്രമല്ല ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്തങ്ങോളമിങ്ങോളം വന്‍ തോതില്‍ നാശനഷ്ടമുണ്ടായത് തങ്ങളുടെ നേട്ടമായാണ് ഇവര്‍ മനസ്സില്‍ കരുതിയിരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിദ്വേഷ ജനകമായ സന്ദേശങ്ങള്‍ പരത്തി കലാപം വ്യാപിപിക്കുവാനും ഇവര്‍ക്ക് പദ്ധതി ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. വോയിസ് ഓഫ് ട്രൂത്ത് എന്ന് പേരുള്ള വാട്സാപ്പ് ഗ്രൂപ്പ് വഴിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. തീവ്ര സ്വഭാവമുള്ള സന്ദേശങ്ങള്‍ അയച്ചായിരുന്നു ഇവര്‍ സമൂഹ മാധ്യമത്തില്‍ കൂടി മറ്റുള്ളവരെ ഹര്‍ത്താല്‍ നടത്താന്‍ പ്രേരിപ്പിച്ചത്.

ചില പ്രത്യേക മതവിഭാഗത്തിലുള്ള സംഘടനയിലെ യുവാക്കള്‍ കൂടി  ഈ ഹര്‍ത്താലിനെ ഏറ്റെടുത്തതോടെ കലാപ സമാനമായ സ്ഥിതി വിശേഷമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച അരങ്ങേറിയത്. അയിരക്കണക്കിന് യുവാക്കളെയാണ് ഇതിനെ തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. ഏപ്രീല്‍ 16 നാണ് പ്രതികള്‍ സമൂഹ മാധ്യമങ്ങള്‍ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഗ്രൂപ്പുകള്‍ ഉണ്ടാക്കാന്‍ സ്വന്തം പ്രൊഫൈല്‍ തന്നെ ഉപയോഗിച്ചത് പ്രതികളെ പിടികൂടാന്‍ പൊലീസിന് സഹായകരമായി.

പത്തു വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വെറും 48 മണിക്കൂറിനുള്ളിലാണ് ജില്ലകള്‍ തോറും സബ് ഗ്രൂപ്പുകള്‍ വരെയുണ്ടാക്കി പ്രതികള്‍ ഹര്‍ത്താല്‍ സംഘടിപ്പിച്ചത്. പ്രതികളില്‍ ചിലര്‍ക്ക് ഉണ്ടായിരുന്ന സംഘ പരിവാര്‍ ബന്ധവും പൊലീസ് അന്വേഷണ വിധേയമാക്കുന്നുണ്ട്. ഇവര്‍ക്ക് വര്‍ഗ്ഗീയ സംഘര്‍ഷമടക്കമുള്ള ഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നോയെന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്.

ഇതിനിടെ തിരൂര്‍ സ്വദേശിയായ 16 കാരനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here