അമ്മ 16 കാരിയെ കൊലപ്പെടുത്തി

മുംബൈ : അമ്മ 16 കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഭര്‍ത്താവും മകളും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്നാരോപിച്ചാണ് 36 കാരി മകളെ ക്രൂരമായി കൊലപ്പെടുത്തിയത്. മുംബൈയിലാണ് നടുക്കുന്ന സംഭവം. രാജസ്ഥാന്‍ സ്വദേശിയായ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 4 നാണ് കേസിനാസ്പദമായ സംഭവം.

രാവിലെ പത്തരയോടെ ഫ്‌ളാറ്റില്‍ വെച്ച് ഷോള്‍ കഴുത്തില്‍ കുരുക്കി ഇവര്‍ മകളെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ച് മകള്‍ക്ക് സുഖമില്ലെന്ന് അറിയിച്ചു. കോണ്‍ട്രാക്ടറായ ഭര്‍ത്താവ് വീട്ടിലെത്തുമ്പോള്‍ മരിച്ചുകിടക്കുന്ന മകളെയാണ് കണ്ടത്.

എന്നാല്‍ കഴുത്തില്‍ പാട് ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ശേഷം കുട്ടിയുടെ ഭൗതികദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. ഇതോടെ ഇവര്‍ സ്വദേശമായ രാജസ്ഥാനിലേക്ക് പോവുകയും മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

എന്നാല്‍ സംഭവം കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ മുംബൈയില്‍ തിരിച്ചെത്തിയപ്പോള്‍ പൊലീസ് ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അതോടെ അമ്മ കുറ്റം സമ്മതിച്ചു.

പിതാവ് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പെണ്‍കുട്ടിയെ കൂടാതെ ഇവര്‍ക്ക് 20 കാരിയായ മറ്റൊരു മകളും 14 ഉം 12 വയസ്സുമുള്ള ആണ്‍കുട്ടികളുമുണ്ട്.

അച്ഛനുമായി ലൈംഗിക ബന്ധമുണ്ടെന്ന് ആരോപിച്ച് അമ്മ തന്നെ 6 മാസമായി ഉപദ്രവിക്കുന്നുവെന്ന് പെണ്‍കുട്ടി തന്റെ സുഹൃത്തിനോട് മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

ഒന്നുകില്‍ തന്നെയോ അല്ലെങ്കില്‍ അച്ഛനെയോ കൊല്ലുമെന്ന്‌ അമ്മ ഭീഷണിപ്പെടുത്തിയെന്ന് അവള്‍ പറഞ്ഞിരുന്നുവെന്നും സുഹൃത്ത് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകവിവരം അച്ഛന്‍ മറച്ചുവെയ്ക്കുകയായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here