ഹൈദരാബാദ് :ഭാര്യയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിനുള്ളിലാക്കി റോഡരികില്‍ ഉപേക്ഷിച്ചെന്ന സംശയത്തെ തുടര്‍ന്ന് പ്രവാസിയെ പൊലീസ് തിരയുന്നു. ഹൈദരാബാദിലെ ദബീര്പുരയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
ദബീര്‍പുര സ്വദേശി ഹൈദറിന്റെ ഭാര്യയുടെ മൃതദേഹമാണ് റോഡരികില്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കവറിനുള്ളില്‍ നിന്നും ചോര പുറത്തേക്ക് വരുന്നത് കണ്ട നാട്ടുകാരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. ഒരു പ്ലാസ്റ്റിക് ടാപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു കവര്‍.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഇതിന് രണ്ടു ദിവസം മുമ്പായിരുന്നു ഇദ്ദേഹം ദുബായിയില്‍ നിന്നും നാട്ടിലേക്കെത്തിയത്. നാട്ടില്‍ വന്നയുടന്‍ തന്നെ ഭാര്യക്കൊപ്പം ഇയാള്‍ വീടു വിട്ടിറങ്ങി. അമ്മയോടൊപ്പം സ്വന്തം വീട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്.
ഞായറാഴ്ചയായിട്ടും ഇവര്‍ വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് യുവതിയുടെ മാതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് പൊലീസ് നല്കിയ വിവരമനുസരിച്ച് യുവതിയുടെ ബന്ധുക്കള്‍ ചേര്‍ന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഹൈദര്‍ കടുത്ത മദ്യപാനിയാണെന്നും ഇയാള്‍ ഭാര്യയെ ഉപദ്രവിക്കാറുള്ളതായും ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. ഇയാള്‍ക്കായുള്ള ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പൊലീസ് സംഘം .