ചോരവാര്‍ന്ന് കിടന്നയാളെ തിരിഞ്ഞ് നോക്കാതെ പൊലീസുകാര്‍

താമരശ്ശേരി: അപകടത്തില്‍ പരിക്കേറ്റ് ചോരവാര്‍ന്ന് റോഡില്‍ കിടന്നയാളെ തിരിഞ്ഞ് നോക്കാതെ ട്രാഫിക് പൊലീസുകാര്‍. കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ താമരശ്ശേരി ചുങ്കം ജംഗ്ഷനിലാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. അപകട സ്ഥലത്തിന് വെറും 10- 15 മീറ്റര്‍ ദൂരത്തില്‍ പൊലീസ് ജീപ്പ് കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

താമരശ്ശേരി ഭാഗത്തേക്ക് വന്ന കാര്‍ ഇതേ ദിശയില്‍ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ കാര്‍ നിര്‍ത്താതെ പോയി. തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ചോരവാര്‍ന്ന് അഞ്ച് മിനിട്ടോളം റോഡില്‍ കിടന്നെങ്കിലും തൊട്ടടുത്തുള്ള പൊലീസ് ജീപ്പില്‍ പരിക്കേറ്റയാളെ ആസ്പത്രിയിലെത്തിക്കാന്‍ തയ്യാറാവാത്തത് പ്രതിഷേധത്തിന് കാരണമായി.

ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റയാളെ ആസ്പത്രിയിലെത്തിക്കാന്‍ തൊട്ടടുത്തുള്ള പൊലീസുകാരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ ജീപ്പ് നല്‍കിയില്ലെന്ന് മാത്രമല്ല, അപകടസ്ഥലത്തേക്ക് എത്തിനോക്കിയതുപോലുമില്ലെന്ന് ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സമയം ജീപ്പില്‍ ഡ്രൈവറും രണ്ട് ഹോംഗാര്‍ഡുമാണ് ഉണ്ടായിരുന്നത്.

വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിലാണ് പരിക്കേറ്റയാളെ പിന്നീട് താമരശ്ശേരി താലൂക്കാസ്പത്രിയിലെത്തിച്ചത്. കണ്‍മുമ്പില്‍ അപകടം നടന്ന് ഒരാള്‍ ചോരവാര്‍ന്ന് കിടന്നിട്ടും അവര്‍ക്ക് വൈദ്യസഹായം നല്‍കാനോ അപകടസ്ഥലത്തേക്ക് വന്ന് നോക്കാനോ തയ്യാറാവാത്ത താമരശ്ശേരി ട്രാഫിക് പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.

കടപ്പാട്: ചന്ദ്രിക

LEAVE A REPLY

Please enter your comment!
Please enter your name here