പതിമൂന്നുകാരന്‍ കാര്‍ മോഷ്ടിച്ചു

വെല്ലിങ്ട്ടണ്‍ :പതിമൂന്ന് വയസ്സുകാരന്‍ കാര്‍ മോഷ്ടിച്ച് കൂട്ടുകാരോടൊപ്പം നഗരത്തില്‍ ചുറ്റിക്കറങ്ങി. ന്യൂസിലാന്റിലെ പരപ്പരൗമുവില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഈ വിചിത്രമായ സംഗതി അരങ്ങേറിയത്. തന്റെ ബന്ധു വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന
സുസ്സൂക്കി സ്വിഫ്റ്റ് കാറാണ് പതിമൂന്നുകാരന്‍ മോഷ്ടിച്ചത്.

തന്റെ വാഹനം വീട്ടില്‍ നിന്നും കാണാതായതിനെ തുടര്‍ന്ന് ബന്ധു തന്നെയാണ് ഈ കാര്യം പൊലീസില്‍ വിളിച്ചറിയിച്ചത്. തുടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ പൊലീസ് കാര്‍
റോഡില്‍ വെച്ചു കണ്ടെത്തി. ഏറെ നേരത്തെ പിന്തുടരലിന് ശേഷമാണ് പൊലീസ് ഇവരെ പിടികൂടിയത്.

കാറിനുള്ളില്‍ 13 വയസ്സുകാരനടക്കം ഒന്‍പത് കുട്ടികളുണ്ടായിരുന്നു. എല്ലാവരും 10 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ളവര്‍. ഇതില്‍ എഴ് കുട്ടികള്‍ കാറിലെ പുറകിലെ സീറ്റുകളില്‍ തിങ്ങി നിറഞ്ഞ് ഇരിക്കുകയായിരുന്നു. പ്രതികളെ പിടികൂടാനെത്തിയ പൊലീസ് ഈ കാഴ്ച്ച കണ്ട് അന്തം വിട്ട് പോയി.

പൊലീസ് ഇവരെ ശാസിച്ചതിന് ശേഷം സ്വന്തം വീടുകളിലെത്തിച്ചു. ഇവര്‍ക്കെതിരെ കേസ് എന്തെങ്കിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. ഇതാദ്യമായല്ല വിദേശ രാജ്യങ്ങളിലെ കുട്ടികള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത്. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ ഒരു എട്ട് വയസ്സുകാരന്‍ തന്റെ നാല് വയസ്സുള്ള സഹോദരിയേയും കൊണ്ട് മക് ഡൊണാള്‍ഡ് ഷോപ്പില്‍ കാറോടിച്ച് പോയ വാര്‍ത്ത ഏവരേയും ഭീതിയിലാഴ്ത്തിയിരുന്നു

ആസ്‌ട്രേലിയയില്‍ ഒരു 12 വയസ്സുകാരന്‍ മാതാപിതാക്കള്‍ കാണാതെ 1,300 കിലോ മീറ്റര്‍ കാറോടിച്ച് പോയത് ഏവരേയും അമ്പരപ്പിലാഴ്ത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here