കഠ്‌വ പെണ്‍കുട്ടിയെ അപമാനിച്ച യുവാവിനെതിരെ കേസ്

കൊച്ചി :ക്രൂര പീഡനത്തെ തുടര്‍ന്ന് കൊല ചെയ്യപ്പെട്ട എട്ട് വയസ്സുകാരിയെ  സമൂഹ മാധ്യമം വഴി അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഫെയ്‌സ് ബുക്കില്‍ വിദ്വേഷജനകമായ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ്
കൊച്ചി മരട് സ്വദേശി വിഷ്ണു നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിന് ഐപിസി 153 എ പ്രകാരമാണ് പനങ്ങാട് പൊലീസ് വിഷ്ണുവിന് എതിരെ കേസെടുത്തിട്ടുള്ളത്.

എട്ട് വയസ്സുകാരിയുടെ ക്രൂരമായ കൊലപാതകത്തിന്റെ കഥ കേട്ട് രാജ്യം നടുങ്ങി നില്‍ക്കുമ്പോഴായിരുന്നു വിഷ്ണുവിന്റെ വിദ്വേഷജനകമായ പോസ്റ്റ്. ‘ഇവളെ എല്ലാം ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയ്ക്ക് എതിരെ തന്നെ ബോംബായി വന്നേനെ’ എന്നായിരുന്നു ഇയാളുടെ വര്‍ഗ്ഗീയ കമന്റ്.

നിമിഷങ്ങള്‍ക്കകം നിരവധി മലയാളികള്‍ യുവാവിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ഇയാള്‍ ഫെയ്‌സ്ബുക്ക് ഡി ആക്ടിവേറ്റ് ചെയ്ത് മുങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതിഷേധം യുവാവ് ജോലി ചെയ്യുന്ന സ്വകാര്യ ബാങ്കിനെതിരെയായി. പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്രയുടെ പാലാരിവട്ടം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജറായി ജോലി നോക്കി വരികയായിരുന്നു വിഷ്ണു.

എന്നാല്‍ യുവാവിനെ ജോലിയില്‍ നിന്നും പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമത്തില്‍ പ്രതിഷേധക്കാര്‍ ബാങ്കിനെതിരെ തിരിഞ്ഞു. ഇടപാടുകാര്‍ ആടക്കം നിക്ഷേപം പിന്‍വലിക്കുമെന്ന് സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് യുവാവിനെ ബാങ്കില്‍ നിന്നും അധികൃതര്‍ പുറത്താക്കുകായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഇയാള്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസും ചുമത്തിയിരിക്കുന്നത്. നിരവധി സംഘടനകള്‍ വിഷ്ണുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here